കോട്ടയം: റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ജയിൽ വകുപ്പ്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്ക് (35) മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച കുടുംബത്തിന് മറുപടിയുമായാണ് ജയിൽ വകുപ്പ് രംഗത്ത് വന്നത്. ഷഫീഖിന് ഇന്നലെ ഉച്ചയ്ക്ക് അപസ്മാരം ഉണ്ടായെന്ന് ജയിൽ വകുപ്പ് അറിയിച്ചു. അപസ്മാരം ഉണ്ടായെങ്കിലും പിന്നീട് പൂർവസ്ഥിതിയിലായി. തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കി. പിന്നീട് തിരികെ ജയിലിലെത്തിയ ശേഷം ഛർദ്ദി അനുഭവപ്പെട്ടു. ഇതേ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും ജയിൽ അധികൃതർ പറയുന്നു. ഷഫീഖിന്റെ പരിക്കുകൾ സംബന്ധിച്ച് ജയിൽ അധികൃതരുടെ റിപ്പോർട്ടിൽ പരാമർശമില്ല.

ഷഫീഖിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷഫീഖിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ആരോപിച്ചു. 'ഒരു മണിയായപ്പോൾ വിളിച്ചിട്ട് നിങ്ങളുടെ മകൻ മെഡിക്കൽ കോളേജിലാണെന്ന് പറഞ്ഞു. പൊലീസിൽ നിന്നാണെന്നാണ് പറഞ്ഞത്. അസുഖമായിട്ട് കൊണ്ടുവന്നതാണെന്ന് പറഞ്ഞു. നാല് മണിയാകുമ്പോഴേക്കും മെഡിക്കൽ കോളേജിൽ എത്താമെന്ന് ഞാൻ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചിട്ട് മകൻ മരിച്ചുപോയെന്ന് പറഞ്ഞു. പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തെ കൊണ്ട് വിളിച്ച് ചോദിച്ചപ്പോഴും മകൻ മരിച്ചെന്ന് പറഞ്ഞു. ഇവിടെ വന്ന് (കോട്ടയം മെഡിക്കൽ കോളേജ്) നോക്കിയപ്പോൾ മകൻ ഇട്ടിരുന്ന പാന്റും ഷർട്ടുമല്ല അവന്റെ ദേഹത്തുണ്ടായിരുന്നത്. ഒരു മഞ്ഞ മുണ്ടാണ് ഉടുത്തിരിക്കുന്നത്'- ഷഫീഖിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.