കൊച്ചി: പാലാരിവട്ടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പരസ്പരം പഴിചാരി പൊതുമരാമത്തും ജല അതോറിറ്റിയും. പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോര്‍ഡ് വച്ചില്ലെന്ന് ജല അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പലവട്ടം ചോദിച്ചിട്ടും ജല അതോറിറ്റി പണം നല്‍കിയില്ലെന്ന് പൊതുമരാമത്ത് വകുപ്പും ആരോപിക്കുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും.

പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എതിരെയാണ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്വേഷണ റിപ്പോർട്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡില്‍ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. എന്നാല്‍, നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാട്ടർ അതോററ്റി പണം നൽകിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് ആരോപിക്കുന്നത്. രണ്ട് ദിവസം മുമ്പ് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടിട്ടും പണം അടിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. 

പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും ദേശീയ പാത അതോറിറ്റിയും സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചു. നിരവധി വകുപ്പുകളുടെ വീഴ്ചയാണ് പാലാരിവട്ടത്ത് സംഭവിച്ചത്. മൂന്ന് മാസമായി കുഴിയുണ്ടായിട്ടും റോഡ് സേഫ്റ്റി അതോറിറ്റി നടപടി സ്വീകരിച്ചില്ല. സ്ഥലം എംഎല്‍എ അധ്യക്ഷനായ സമിതി പരിശോധിക്കണമെന്ന നിർദ്ദേശവും പാലിച്ചില്ല. അതേസമയം, യുവാവിന്റെ മരണത്തിന് ഇടയാക്കിയ കുഴി അടച്ചു.

Also Read: അപകടം ഉണ്ടായതിന് സമീപമുള്ള കുഴിയിൽ പൊലീസിന്‍റെ മുന്നറിയിപ്പ് ബോർഡ്; മജിസ്റ്റീരിയൽ അന്വേഷണം ഇന്ന് തുടങ്ങും