കൊച്ചി: അടച്ചിട്ട ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

ആലുവ മുപ്പത്തടം സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. മൂന്നുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. 

കോട്ടയത്ത് കൊവിഡ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

അതേസമയം കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കാൻ നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാർ ഉത്തരവിട്ടിരുന്നു.

സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവറും ഗൺമാനും എതിരെ കേസെടുത്തിട്ടില്ല. ഇരുവരും നിർദ്ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം താൻ കാൺപൂരിലാണെന്ന് സബ് കളക്ടർ നുണ പറഞ്ഞതാണെന്നാണ് വിവരം. ഇദ്ദേഹം ബെംഗളൂരുവിലാണ് ഉള്ളതെന്ന് സൂചന പൊലീസിനും ആരോഗ്യവകുപ്പിനും ലഭിച്ചു.

Read Also: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; 55 ലക്ഷം ഗുണഭോക്തക്കൾക്ക് 2400 രൂപ

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക