തിരുവനന്തപുരം: ആനയറയിൽ ഓട്ടോ ഡ്രൈവറെ വെട്ടികൊന്നു. പേട്ട സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഗുണ്ടാക്കുടിപ്പകയാണ് കൊലപാതകത്തിന്  പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പതിനൊന്നരയോടെയാണ് അക്രമി സംഘത്തിൽ ഒരാള്‍ ചാക്കയിൽ നിന്നും വിപിന്‍റെ ഓട്ടോയിൽ കയറിയത്. ആനയറയിലെ സ്വകാര്യആശുപത്രിക്ക് സമീപമെത്തിയപ്പോള്‍ ബൈക്കിൽ പിന്തുർന്ന അക്രമിസംഘം ഓട്ടോ തടഞ്ഞ് നിർത്തി വിപിനെ വെട്ടികൊലപ്പെടുത്തി. 

വിപിന്‍റെ കൈക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അക്രമിസംഘത്തെ കുറിച്ച് വിപിൻ പൊലീസിനോട് പറഞ്ഞെന്നാണ് അറിയുന്നത്. മറ്റൊരു ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടര മാസം മുമ്പ് വഞ്ചിയൂരുള്ള ബാറിൽ വച്ച് വിപിനും മറ്റൊരു സംഘത്തിൽപ്പെട്ട മുരുകനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ മുരുകനുള്‍പ്പെടെയുള്ള ആറുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേമത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ വച്ച് അനൂപെന്ന ചെറുപ്പക്കാരെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഒന്നാംപ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍.