തിരുവനന്തപുരം: വൈദ്യുതി കമ്പി പൊട്ടിവീണുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിനുള്ള ആലപ്പുഴ മുഹമ്മ സ്വദേശി ഋഷികേശിന്‍റെ  കണ്ടുപിടുത്തം കെഎസ്ഇബി ഏറ്റെടുത്തു. തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി കമ്പി പൊട്ടി വീണുണ്ടായ 
അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തെ തുടർന്നാണ് ഈ സാങ്കേതികവിദ്യ ഋഷികേശ് വികസിപ്പിച്ചത്. 

ഇതുപോലെയുള്ള അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒരു പ്രദേശത്തെ ട്രാൻസ്ഫോർമറിൽ റിസീവർ സ്ഥാപിക്കും. വൈദ്യുതി പോസ്റ്റുകളിൽ ട്രാൻസ്മിറ്ററുകളും ഘടിപ്പിക്കും. എപ്പോഴെങ്കിലും വൈദ്യുതി കമ്പി പൊട്ടിയാൽ റീസീവറുകളിലേക്ക് സന്ദേശമെത്തും. ഉടനടി വൈദ്യുതി പ്രവാഹം നിലയ്ക്കും. 

ജിപിഎസ് സംവിധാനം ഉള്ളതിനാൽ തകരാർ സംഭവിച്ച സ്ഥലം കെഎസ്ഇബി ജീവനക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താം.  ഋഷികേശിന്‍റെ സാങ്കേതികവിദ്യക്ക് കെഎസ്ഇബിയുടെ സുരക്ഷാവിഭാഗം അംഗീകാരം നൽകിയിരുന്നു. വൈദ്യുതി ബോർഡിന് വേണ്ടി ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനി ഇത് പരിഷ്‍കരിച്ച് പുറത്തിറക്കും.

ലാഭവിഹിതം ഋഷികേശിന് നൽകും. രണ്ടുമാസത്തിന് ശേഷം പരീക്ഷണടിസ്ഥാനത്തിൽ ട്രാൻസ്ഫോർമറുകളിൽ ഇവ സ്ഥാപിക്കും. നെഹ്റ്രു ട്രോഫി ജലോത്സത്തിന് കുറ്റമറ്റ രീതിയിൽ നൂതന സ്റ്റാർട്ടിംഗ് സംവിധാനം വികസിപ്പിച്ചതിലൂടെ ശ്രദ്ധേയനാണ് ഋഷികേശ്.