Asianet News MalayalamAsianet News Malayalam

ലീഗ് എംപിമാര്‍ പ്രതിരോധത്തില്‍; നാല് വാക്ക് പറയാന്‍ കഴിവുള്ളവര്‍ എംപിയാവണമെന്ന് യൂത്ത് ലീഗ്

മുത്തലാഖ് ബിൽ അവതരണ സമയത്ത് രാജ്യസഭയിൽ  ഹാജരാവാതിരുന്ന അബ്ദുൾ വഹാബ് എംപിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണാക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മൊയീന്‍ അലി 

youth league against muslim league MPs
Author
Delhi, First Published Aug 1, 2019, 11:48 AM IST

മലപ്പുറം: എംപിമാർക്കെതിരെ മുസ്ലീം ലീഗിൽ പടയൊരുക്കം. ന്യൂനപക്ഷ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ മുസ്ലീം ലീഗ് എംപിമാർ നിരന്തരം പരാജയപ്പെടുന്നതായി യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയീൻ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീൻ ഇ കെ സുന്നി വിഭാഗം നേതാവ് കൂടിയാണ്. 

മുത്തലാഖ് ബിൽ അവതരണ സമയത്ത് രാജ്യസഭയിൽ കൃത്യസമയത്ത് ഹാജരാവാതിരുന്ന അബ്ദുൾ വഹാബ് എംപി സ്ഥാനമൊഴിയണം. ന്യൂനപക്ഷം ഏറെ ആശങ്കയോടെ കാണുന്ന  മുത്തലാഖ് വിക്ഷയത്തിൽ മുസ്ലീം ലീഗിന് പാർലമെന്റിൽ നിരന്തരം വീഴ്ച സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മൊയീൻ അലി പറയുന്നു.

നേരത്തെ ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചപ്പോഴും ചര്‍ച്ചകളിലും ലീഗ് എംപിമാരുടെ ഇടപെടല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന് യുവാവിനെ ചുട്ടു കൊന്ന സംഭവത്തിലടക്കം ലീഗ് എം പിമാർ പാർലമെൻറിൽ ശബ്ദമുയർത്തിയിട്ടില്ലെന്നും മുസ്ലീം വിഭാഗത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്നും മൊയിൻ അലി തുറന്നടിക്കുന്നു. 

മുത്തലാഖ് വിഷയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും വഹാബ് എത്തിയില്ല. ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിർമ്മാണത്തെ എതിർക്കുന്ന കക്ഷിയെന്ന നിലയിൽ ലീഗിന്റെ നിലപാട് സഭയിൽ അവതരിപ്പിക്കാനാവാതെ പോയത് പാർട്ടിയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. എന്നാൽ വിഷയത്തിൽ സഭാ സമ്മേളനം കഴിഞ്ഞ് പ്രതികരിക്കാമെന്നാണ് അബ്ദുൾ വഹാബ് എം പി യുടെ പ്രതികരണം.

നേരത്തെ എന്‍ഐഎ ഭേദഗതി ബില്ലിൽ എതിർത്ത് വോട്ട് ചെയ്യാതിരുന്നതും  മുത്തലാഖ് ബില്ല് ലോക്സഭയിൽ  അവതരിപ്പിക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി എംപി വൈകിയെത്തിയതും ലീഗ് അണികൾക്കും നേതൃത്വത്തിനുമിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios