വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലഞ്ചിറ. വോട്ടർമാരുടെ ശക്തിയെ വില കുറച്ചു കാണരുതെന്നും ഉപതെരെഞ്ഞെടുപ്പിന് കളമൊരുക്കുന്നവർ ഈ കാര്യം ആലോചിച്ചാൽ നന്നെന്നും യൂത്ത് ലീഗ് നേതാവ്.
കോഴിക്കോട്: കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് യൂസഫ് വല്ലഞ്ചിറ. വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലഞ്ചിറ പറഞ്ഞു. വോട്ടർമാരുടെ ശക്തിയെ വില കുറച്ചു കാണരുത്. ഉപതെരെഞ്ഞെടുപ്പിന് കളമൊരുക്കുന്നവർ ഈ കാര്യം ആലോചിച്ചാൽ നന്ന്. കുത്തക മണ്ഡലങ്ങളിൽ തകർന്നടിഞ്ഞതിൽ എൽഡിഎഫിന് മാത്രമല്ല എല്ലാവർക്കും പാഠമുണ്ടെന്നും യൂസഫ് വല്ലഞ്ചിറ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് യൂത്ത് ലീഗ് നേതാവിന്റെ വിമർശനം.

അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്നാണ് വിവരം. ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയായിരുന്നു. 2 ദിവസങ്ങൾക്ക് ശേഷമേ മടങ്ങിയെത്തൂവെന്ന് ഖർഗെയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ഡി സുധാകറിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഖർഗെ പോയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂന്ന് നേതാക്കളുമായും ഇന്നലെ ഖർഗെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ വിമർശനം ശക്തമാവുകയാണ്.
എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ
എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. തൻറെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തൻറെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി.



