കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
കൊച്ചി : കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെ ആണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇവരെ വനത്തിനുള്ളിൽ കാണാതായത്. ഇരുവരെയും വനത്തിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കത്രികാവട എന്ന വനത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. മരംവെട്ടുകാർ ആണ് ഇവരെ കണ്ടെത്തി വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു.
രണ്ട് പേരും മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയതായിരുന്നു. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് കൊടൈക്കനാലിൽ പോയത്. തിരിച്ച് വന്നപ്പോൾ രണ്ട് പേരെ കാണാതാകുകയായിരുന്നു. വനത്തിൽ പോയി തിരികെ വരുന്നതിനിടെ കൂട്ടം തെറ്റിയെന്ന് സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്. പൊലീസും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ 40 പേരടങ്ങുന്ന സംഘവും കൊടൈക്കനാലിൽ വനത്തിൽ തെരച്ചിൽ തുടങ്ങിയിരുന്നു.
Reade More : കൊടൈക്കനാലിൽ വനത്തിൽ കാണാതായ മലയാളികൾക്കായി തെരച്ചിൽ തുടരുന്നു, സുഹൃത്തുക്കളെ ചോദ്യം ചെയ്തു
