തിരുവനന്തപുരം: ഐ ജി പി വിജയന്‍റെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ കേസിൽ രാജസ്ഥാനിൽ നിന്നുള്ള 17കാരനായ സ്കൂൾ വിദ്യാർത്ഥി പിടിയില്‍. ഐജി പി വിജയനടക്കം സംസ്ഥാനത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി നിരവധി പേരുടെ പണമാണ് ഈ പതിനേഴുകാരന്‍ തട്ടിയെടുത്തത്. ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ മൊബൈൽ ഫോണ്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ട് രാജസ്ഥാന സ്വദേശികളെയും സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.  നഹർസിങ്, സുഖ്ദേവ് സിങ് എന്നിവരാണ് പിടിയിലായത്. 

മെസഞ്ചറിലും വാട്സാപ്പിലും മറ്റുമായി വീഡിയോ കോൾ ചെയ്ത് രഹസ്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം ബ്ലാക്ക് മെയിലിങിലൂടെ പണം തട്ടലായിരുന്നു സംഘത്തിന്‍റെ രീതി. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.  രാജസ്ഥാനിലെ  ഭരത്പൂർ ജില്ലയിലെ പൊലീസ് സഹായത്തോടെയാണ് അറസ്റ്റ്. ഫേസ്ബുക്കി, വാട്സാപ്പ്, ഗൂഗിൾ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും ഫോൺ നമ്പരുകൾ പരിശോദിച്ചും ജിയോ മാപ്പിങ് വഴിയും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ഇവരെ അറസ്റ്റ് ചെയ്യാനായത്. രാജസ്ഥാൻ, യുപി, ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തിയിലെ ഉൾനാടൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. പ്രതികളെ വലയിലാക്കാൻ ഈ സ്ഥലങ്ങളിൽ തങ്ങിയാണ് പൊലീസ് അന്വേഷണം നടത്തിയത്.