കോഴിക്കോട്: ചെമ്പനോടയില്‍ ബന്ധുവിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു. കിഴക്കരക്കാട്ട് ഷിജോ തോമസ് ആണ് മരിച്ചത്. കോഴിക്കോട് ചൊമ്പനോടയില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴിത്തര്‍ക്കമാണ് ആക്രമണത്തിലെത്തിയത്. ജെസിബി ഉപയോഗിച്ച് അതിര്‍ത്തിയിലൂടെ റോഡ് നിര്‍മ്മിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ തോമസിന് കുത്തേല്‍ക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

ചാക്കോ എന്ന് വിളിക്കുന്ന കാഞ്ഞിരക്കാട്ട് കുഞ്ഞപ്പച്ചനാണ് ഷിജോയെ കുത്തി വീഴ്ത്തിയത്. വയറിന് താഴെ കുത്തേറ്റ 38 വയസുകാരനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ഷിജോയുടെ ബന്ധുവാണ് പ്രതി കുഞ്ഞപ്പച്ചന്‍. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും രാത്രിയോടെ അറസ്റ്റ് ചെയ്തു. ഷിജോയും ചാക്കോയും തമ്മില്‍ കുറച്ച് കാലമായി വഴി തര്‍ക്കം നിലവിലുണ്ടായിരുന്നെന്ന് പെരുവണ്ണാമുഴി പൊലീസ് പറഞ്ഞു.