58 ഗ്രാം എംഡിഎംഎ എന്ന് പറഞ്ഞ് പിടിച്ചത് കൽക്കണ്ടമായിരുന്നെന്ന്  ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശദീകരിച്ച ബിജുവിനാണ് ഫോൺ കോൾ വഴി ഭീഷണി.

കാസർകോട്: പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ച് യുവാക്കളെ ജയിലിൽ അടച്ച സംഭവത്തിൽ നിരപരാധിത്വം സംബന്ധിച്ച് വാർത്ത വന്നതോടെ ഭീഷണിയെന്ന് പരാതി. പൊലീസ് പിടികൂടിയത് കൽക്കണ്ടമാണെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശദീകരിച്ച കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യുവിനാണ് ഫോണിൽ ഭീഷണി വന്നത്.

കോഴിക്കോട് നടക്കാവ് പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ച് കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവരെ ജയിലിൽ അടച്ച സംഭവം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 151 ദിവസത്തിനു ശേഷം ലാബ് പരിശോധനാഫലം പുറത്തുവന്നപ്പോൾ ഇത് മയക്കുമരുന്ന് അല്ലെന്ന് തെളിയുകയും ഇവരെ വെറുതെ വിടുകയും ആയിരുന്നു.

58 ഗ്രാം എംഡിഎംഎ എന്ന് പറഞ്ഞ് പിടിച്ചത് കൽക്കണ്ടമായിരുന്നെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശദീകരിച്ച ബിജുവിനാണ് ഫോൺ കോൾ വഴി ഭീഷണി. ഇൻ്റർനെറ്റ് കോൾ വഴിയാണ് വിളിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം വീടും പരിസരവും നിരീക്ഷിച്ചെന്നും ഇദ്ദേഹം പറയുന്നു. ഭീഷണി ഫോൺകോളിൽ ഇതുവരെ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടില്ല. മയക്കുമരുന്ന് കേസെടുത്തതോടെ ജോലി പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്ന താൻ എങ്ങനെ പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് ബിജു ചോദിക്കുന്നത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News