വീണ്ടും പോലീസ് ക്രൂരത സംബന്ധിച്ച വെളിപ്പെടുത്തൽ പുറത്ത്. മാസ്ക് ശരിയായി വയ്ക്കാത്തതിന് മാനന്തവാടിയിൽ പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയെന്ന് യുവാക്കൾ.
മാനന്തവാടി: കൊവിഡ് കാലത്ത് മാസ്ക് ശരിയായി വെക്കാത്തിന് പൊലീസ് മുഖം ഇടിച്ച് തകർത്തതായി യുവാവിന്‍റെ വെളിപ്പെടുത്തല്‍. തലപ്പുഴ സിഐ ആയിരുന്ന പി കെ ജിജീഷിനും എസ്.ഐ പിജെ ജിമ്മിക്കും എതിരെയാണ് ആരോപണം. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും നല്‍കാൻ തലപ്പുഴ പൊലീസ് തയ്യാറായിട്ടില്ല. എന്നാല്‍ യുവാവ് പൊലീസിനെ ആക്രമച്ചെന്നും സ്റ്റേഷനിലെ ഭിത്തിയില്‍ സ്വയം മുഖം ഇടിച്ച് പരിക്കുണ്ടാക്കിയതെന്നുമാണ് പൊലീസ് വാദം.
2020 ല്‍ കടയില്‍ സാധനം വാങ്ങാൻ പുറത്തിറങ്ങിയ ഇക്ബാലുദ്ദീനും സുഹൃത്ത് ഷമീറിനുമാണ് പൊലീസിന്‍റെ ക്രൂരമർദ്ദനം ഏറ്റത്. മാസ്ക് ശരിയായിട്ടല്ല വച്ചതെന്ന് ആരോപിച്ച് തലപ്പുഴ സിഐ ജിജീഷ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ജിജീഷും ജിമ്മിയും ചേർന്ന് ഇടിച്ച് മുഖത്തെ എല്ല് പൊട്ടിച്ചു. തുടർച്ചയായി മർദ്ദിച്ചു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്ന താൻ സ്റ്റേഷനിലെ നിലത്ത് വീണ് പോയെന്ന് ഇക്ബാലുദ്ദീൻ പറയുന്നു.
സുഹൃത്തായ ഷമീറിനും പൊലീസിന്‍റെ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. വയറിലും പുറത്തും മര്‍ദിച്ച ഷമീറിനെ തോക്കിന്‍റെ പാത്തികൊണ്ട് പൊലീസ് ഇടിച്ചുവീഴ്ത്തി. കേവലം പിഴ കൊടുക്കേണ്ട കുറ്റത്തിനായിരുന്നും സിഐയുടെയും എസ്ഐയുടെയും ഈ പരാക്രമം. സംഭവം പുറത്തെത്തിക്കാൻ ഇരുവരും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ തരാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.
പൊലീസ് നടപടികളെ എതിർത്ത ഇക്ബാലുദ്ദീൻ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. പിന്നീട് സ്റ്റേഷനിലെ ചുവരില്‍ മുഖം ഇടിച്ച് സ്വയം പരിക്കുണ്ടാക്കിയെന്നാണ് തലപ്പുഴ പൊലീസിന്‍റെ നിലപാട്. ആരോപണം ഉയർന്ന പി കെ ജിജീഷ് നേരെ നടക്കാവ് സിഐ ആയിരിക്കെ യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ചതിലും പരാതിയുണ്ടായിരുന്നു. ഇപ്പോള്‍ കാസർഗോഡ് കുമ്പള സ്റ്റേഷനില്‍ ഉള്ള ജിജീഷ് മണല്‍കടത്ത് ആരോപണം ഉയർന്ന ഒരാളെ മർദ്ദിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.




