മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യുട്യൂബർ അറസ്റ്റിൽ; വീട്ടിൽ റെയ്ഡ്, വാഷും വൈനും പിടികൂടി
പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്സൈസിന്റെ നടപടി. യുട്യൂബറുടെ വീട്ടിലും റെയ്ഡ് നടത്തി.

പാലക്കാട്: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുട്യൂബറെ അറസ്റ്റ് ചെയ്തു. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് എക്സൈസിന്റെ നടപടി. ചെർപ്പുളശ്ശേരി സ്വദേശി അക്ഷജ് ആണ് തിങ്കളാഴ്ച അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ചു തന്റെ യുട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് അക്ഷജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ലാപ്ടോപ്പ് എന്നിവ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പബ്ലിഷ് ചെയ്തതിന് ഇയാൾക്കെതിരെ നേരത്തെയും എക്സൈസ് കേസ് എടുത്തിട്ടുണ്ട്.
വീട്ടില്‍ നടത്തിയ പരിശോധനയിൽ അനധികൃതമായി വൈൻ നിർമിക്കാന്‍ തയ്യാറാക്കിയ 20 ലിറ്റർ വാഷും അഞ്ച് ലിറ്റർ വൈനും കൂടി ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. പ്രിവന്റീവ് ഓഫീസർ കെ.വസന്തകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി. ജയദേവനുണ്ണി, എൻ. ബദറുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ആർ. ഇന്ദ്രാണി, എക്സൈസ് ഡ്രൈവർ ടി.വിഷ്ണു എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ അക്ഷജിനെ ഒറ്റപ്പാലം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തില്‍ ചേര്‍ത്തലയില്‍ കഞ്ചാവ് ചില്ലറ വില്‍പന സംഘത്തിലെ മൂന്നു പേരെ പത്തരകിലോ കഞ്ചാവുമായി കഞ്ഞിക്കുഴിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വളപ്പില്‍ വീട്ടില്‍ ജ്യോതിഷ്(34), വാവള്ളിയില്‍ നോബിള്‍(28), കുളമാക്കി കോളനി ടി.കെ. സിജി എന്നിവരാണ് പിടിയിലായത്. ആലപ്പുഴ എക്‌സൈസ് വിജിലന്‍സ് സംഘം ചേര്‍ത്തല റേഞ്ച് പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പത്തരലക്ഷത്തോളം വിലവരുന്ന കഞ്ചാവു പിടികൂടിയത്.
ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവെത്തിച്ച് 10ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കി വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. 500രൂപയാണ് ഓരോ പൊതിക്കും ഈടാക്കിയിരുന്നത്. സംഘം പത്തു ദിവസത്തോളമായി എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗ്ലൂരില്‍ നിന്നും സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് മൂന്ന് പേരും പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...