നഷ്ടമായത് ഇതര സംസ്ഥാന തൊഴിലാളികളുടെ ഒരാഴ്ചത്തെ കൂലി, അപരിചിതനെ കണ്ടെന്ന് മൊഴി; സിസിടിവി പരതി ആളെ പൊക്കി പൊലീസ്
പണി നടക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് തൊഴിലാളികള്‍ തങ്ങളുടെ പണം അടങ്ങിയ ബാഗും സൂക്ഷിച്ചിരുന്നത്. പണം തുണികള്‍ക്കിടയില്‍ കെട്ടി വെച്ചിരിക്കുകയായിരുന്നു.

ചെങ്ങന്നൂർ: ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിനുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 30,500 രൂപ മോഷ്ടിച്ച കേസിൽ മദ്ധ്യവയസ്കന്‍ അറസ്റ്റിൽ. പാണ്ടനാട് കീഴ്വന്മഴി പുതുപ്പുരയിൽ അനീഷാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ രണ്ടാം തീയ്യതി ചിപ്പി തീയറ്ററിനു സമീപമുള്ള പറമ്പിലെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണമാണ് ഇയാൾ കവർന്നത്.
തൊഴിലാളികൾക്ക് ഒരാഴ്ചത്തെ കൂലിയായി കരാറുകാരൻ കൊടുത്ത പണം വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ബാഗിൽ വച്ചിരിക്കുകയായിരുന്നു. ജോലിയ്ക്കിടയിൽ മുൻഭാഗത്തേക്ക് വന്ന തൊഴിലാളി ഒരാൾ കെട്ടിടത്തിൽ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ടിരുന്നു. സമീപ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ എ.സി വിപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, തോമസ്, സി.പി.ഒമാരായ സീൻകുമാർ, സിജു, മിഥിലാജ്, ജൂബിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള നാഗർകോവിൽ, ആശാരിപ്പള്ളം, തക്കല, പൊലീസ് സ്റ്റേഷനുകളിലെ നിരവധി മാല മോഷണ കേസുകളിലെ പ്രതിയെ വിഴിഞ്ഞത്തു നിന്നും തമിഴ്നാട് പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടുകാൽ തെക്കേക്കോണം സ്വദേശി നന്ദകുമാർ (19) ആണ് പിടിയിലായത്. കന്യാകുമാരി ജില്ലയിലെത്തി ബൈക്ക് മോഷ്ടിച്ച ശേഷം ഈ ബൈക്കിൽ ചുറ്റിക്കറങ്ങി മാല മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി എന്ന് പൊലീസ് പറഞ്ഞു.
തക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മാല മോഷണങ്ങള്‍ നടന്നതായി പരാതി കിട്ടിയതോടെയാണ് തമിഴ്നാട് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആണ് പ്രതിയെ കുറിച്ച് പോലീസിനു സൂചന ലഭിക്കുന്നത്. തുടർന്ന് എസ്.ഐ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ പ്രതി വിഴിഞ്ഞത്ത് ഉള്ളതായി മനസ്സിലാക്കി.
തുടര്‍ന്ന് ഇയാളെ പിടികൂടാനായി തമിഴ്നാട് പൊലീസ് സംഘം വിഴിഞ്ഞത്ത് എത്തി. വിഴിഞ്ഞം എസ്.ഐ വിനോദിന്റെ സഹായത്തോടുകൂടി നന്ദകുമാറിനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 18 ഗ്രാം സ്വർണാഭരണവും മോഷ്ടിച്ച ബൈക്കും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...