ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ വ്യവസായി എം എ യൂസഫലി നിഷേധിച്ചു.
ദുബൈ: ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ‘അംബിഷൻ ' ഇല്ലെന്നും മുഖ്യമന്ത്രി പിണായി വിജയന് മൂന്നാമതും തിരികെ എത്താനുള്ള സാഹചര്യമുണ്ടെന്നും യൂസഫലി പ്രതികരിച്ചു. ആര് വന്നാലും ആശംസ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ മുഖ്യമന്ത്രിയുടെ പര്യടനത്തിൽ ആയിരുന്നു യൂസഫലിയുടെ പ്രസംഗം.
ശശി തരൂരിന്‍റെ പ്രതികരണം
വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത വന്നപ്പോൾ താൻ വിമാനത്തിൽ ആയിരുന്നുവെന്നും വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും ശശി തരൂർ. രാഷ്ട്രീയ വിഷയങ്ങളിൽ വിദേശത്ത് വച്ച് പ്രതികരിക്കുന്നത് ശരിയല്ല. വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം എന്നാണ് റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി ദുബൈയിൽ നിർണായക ചർച്ചകൾ നടന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻകൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവന്നത്. എന്നാൽ ആ വ്യവസായി താനല്ല എന്നാണ് യൂസഫലി പറയുന്നത്. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് സാങ്കല്പിക ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയത്.
തരൂരിൻ്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ നിഷേധിച്ചില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്ന് കൺവീനർ പ്രതികരിച്ചു. മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി കൈകൊടുക്കാൻ മടിച്ച തരൂർ ഇടതിന് കൈകൊടുക്കുമോ എന്നതാണ് ആകാംക്ഷ. രാഹുൽ അപമാനിച്ചെന്ന വികാരമുള്ള ശശി തരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിൻറെ അപ്രതീക്ഷിത നീക്കം എന്നാണ് റിപ്പോർട്ടുകൾ.
