പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവൻ കസ്റ്റഡിയിൽ.
കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവൻ കസ്റ്റഡിയിൽ. മൊബൈൽ ചാർജർ ഉപയോഗിച്ചായിരുന്നു മർദനം. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദിച്ചിരിക്കുന്നത്. യുവതി തുടരെ മര്‍ദനത്തിനിരയായിരുന്നു എന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവൻ മരട് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി ഇന്നലെ രാത്രി തന്നെ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് രാവിലെയാണ് ഇവര്‍ സ്റ്റേഷനിൽ എത്തുന്നത്. കഴിഞ്ഞ 5 വര്‍ഷമായി അതിക്രൂരമര്‍ദനമാണ് ഗോപുവിൽ നിന്ന് നേരിടുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ, പുറത്ത് പോകാൻ സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടും. തിരികെ വീട്ടിലെത്തിയാൽ ഇയാള്‍ ക്രൂരമായി മര്‍ദിക്കും. മൊബൈൽ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതി. യുവതിയുടെ ദേഹം മുഴുവൻ രക്തം കട്ട പിടിച്ച പാടുകളുണ്ട്. ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പെണ്‍കുട്ടി വിവാഹമോചിതയാണ്. ആദ്യവിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.
