Asianet News MalayalamAsianet News Malayalam

കെ ടി ജലീലിനെതിരെ യുവമോർച്ചയുടെ  പ്രതിഷേധം; ഓഫിസിൽ കരി ഓയിൽ ഒഴിച്ചു

ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. പിന്നീട് കുറിപ്പ് അദ്ദേ​ഹം നീക്കി.

Yuvamorcha protest against KT Jaleel
Author
Malappuram, First Published Aug 15, 2022, 10:35 PM IST

മലപ്പുറം: കശ്മീർ പരാമർശ വിവാ​ദത്തിൽ കെ ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിനു നേരെ യുവമോർച്ച കരിഓയിൽ ഒഴിച്ചു. ഓഫീസിൻ്റെ ഷട്ടറിലും ബോർഡിലും കരി ഓയിൽ ഒഴിച്ച പ്രവർത്തകർ പോസ്റ്ററും പതിപ്പിച്ചു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. പിന്നീട് കുറിപ്പ് അദ്ദേ​ഹം നീക്കി. പാകിസ്താൻ പിടിച്ചെടുത്ത കശ്മീർ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീർ എന്നുമായിരുന്നു ജലീലിന്റെ പരാമർശം. ഇതിനെതിരെ പ്രതിപക്ഷമ‌ടക്കം രം​ഗത്തെതിയതോടെ ജലീൽ പരാമർശം ഒഴിവാക്കി.

മുൻമന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസികാര്യ സ്ഥിരം സമിതിയിൽ അംഗമായ ജലീൽ, സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ‌രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ സന്ദർശനം കഴിഞ്ഞ് ശ്രീന​ഗറിലെത്തിയപ്പോഴാണ് വിവാദത്തിന് കാരണമായ പോസ്റ്റിട്ടത്. വിവാദമായതോടെ അദ്ദേഹം ശനിയാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജലീലിന്റെ പരാമർശങ്ങൾ അപമാനകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിമർശിച്ചിരുന്നു.

തന്റെ പോസ്റ്റിലെ ചില പരാമർശങ്ങൾ തെറ്റിദ്ധിക്കപ്പെട്ടെന്നും താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ​പരാതിയുയരുകയും ചെയ്തു. 

കശ്മീര്‍ പരാമര്‍ശം: 'കെടി ജലീലിൻ്റെ സ്ഥാനം പാക്കിസ്ഥാനിൽ, ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ല':കെ സുരേന്ദ്രന്‍

നേരത്തെ ബിജെപി കെടി ജലീലിനെതിരെ രം​ഗത്തെത്തിയിരുന്നു. ജലീലിൻ്റെ സ്ഥാനം പാക്കിസ്ഥാനിലാണെന്നും ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ വിമർശിച്ചു. പാകിസ്താൻ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ. നിയമ നടപടി നേരിടണം, മാപ്പ് പറയണം.ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് യുവമോർച്ചയുടെ സമരം. 

Follow Us:
Download App:
  • android
  • ios