പൊട്ട കിണറ്റില്‍ ആളെ കണ്ടെത്തിയ വാർത്ത അറിഞ്ഞതോടെ കൊലപാതകത്തിന് തുമ്പ് കിട്ടിയ സന്തോഷത്തിലായിരുന്നു നാട്ടുകാർ. 

വയനാട്: വെള്ളമുണ്ടയില്‍ കഴിഞ്ഞ ആഴ്ചയാണ് നവദമ്പതികളെ മോഷണശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയത്. പൊലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. അതിനിടെയാണ് കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പൊട്ട കിണറ്റില്‍ ഇന്ന് രാവിലെ ഒരാളെ കണ്ടെത്തിയത്. പൊട്ട കിണറ്റില്‍ ആളെ കണ്ടെത്തിയ വാർത്ത അറിഞ്ഞതോടെ കൊലപാതകത്തിന് തുമ്പ് കിട്ടിയ സന്തോഷത്തിലായിരുന്നു നാട്ടുകാർ. 

പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യമുണ്ടെന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. പ്രദേശത്തെ സ്വകാര്യ സ്‌കൂളിന് സമീപത്തെ വീടിന് പിറകുവശത്ത് അജ്ഞാതനെ കണ്ടെന്ന് വീട്ടമ്മ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പൊട്ടക്കിണറ്റില്‍ ആരോ വീണതായി സൂചന ലഭിച്ചത്. 

കഴിഞ്ഞ ദിവസം വെള്ളമുണ്ടയില്‍ വനിതകള്‍ നടത്തുന്ന ഭക്ഷണശാലയില്‍ കയറിയ കള്ളന്‍ കഞ്ഞിവെച്ച് കുടിച്ചതിന് ശേഷം പണവും മോഷ്ടിച്ചു കടന്നിരുന്നു. ഇതു കാരണം നാട്ടുകാർ ഏറെ ജാഗ്രതയിലായിരുന്നു. മോഷണത്തിനിറങ്ങിയ ഇതരസംസ്ഥാനക്കാരനെ പിടിച്ചെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികളെല്ലാം ഇവിടേക്കെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കരക്കുകയറ്റി കുളിപ്പിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ വൈത്തിരി പൂഞ്ചോല എസ്‌റ്റേറ്റിലെ ആനന്ദ് (36) ആണെന്ന് മനസിലായത്. 

സ്വകാര്യ സ്‌കൂളിന്‍റെ കെട്ടിട നിര്‍മാണവുമായി എത്തിയതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വെള്ളമുണ്ട കണ്ടത്തുവയലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടതിന്‍റെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനും വിരലടയാളം ശേഖരിക്കാനുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേ സമയം മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെ മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഇയാളെ കൊണ്ടുപോയി. 

ഒടുവില്‍ ആശങ്കയ്ക്ക് വിരാമമായി പൊലീസ് തന്നെ കാര്യം നാട്ടുകാരെ ബോധിപ്പിച്ചു. ആനന്ദിന് രാത്രി ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സോമനാംബുലിസം എന്ന രോഗമുണ്ട്. ഇതിന് മുമ്പും ഇയാള്‍ ഇതുപോലെ രാത്രി എഴുന്നേറ്റ് നടക്കാറുണ്ടെന്നും അപ്പോഴൊക്കെ വീട്ടുകാരോ നാട്ടുകാരോ കൂട്ടികൊണ്ട് വരികയാണ് പതിവെന്നും പൊലീസ് അറിയിച്ചതോടെ ഇരട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാന്‍ കഴിയാതെ നാട്ടുകാർ പിരിഞ്ഞു പോയി.