സ്ത്രീയ്ക്ക് പുരുഷനില്ലാതെ ജീവിക്കാനാകുമോ, ഈ വയോധികയുടെ മറുപടി ഇങ്ങനെ
ലണ്ടന്‍: പുരുഷനില്ലാതെ ഒരു സ്‌ത്രീയ്‌ക്ക് ജീവിക്കാനാകുമോ. ഈ സംശയം പലര്‍ക്കും ഇപ്പോഴുമുണ്ട്. എന്നാല്‍ ഈ ചോദ്യത്തിന് 106 വയസുള്ള അവിവാഹിതയായ വൃദ്ധ പറയുന്ന ഉത്തരം ഇതാ . ഒരു സ്‌ത്രീയ്‌ക്ക് ജീവിക്കാന്‍ പുരുഷന്‍ വേണമെന്നില്ല.മനക്കരുത്തുണ്ടെങ്കില്‍ ഉറപ്പായും ജീവിക്കാം. പുരുഷനില്ലെങ്കിലാണ് ജീവിതം ആസ്വാദിക്കാനാവുന്നതെന്ന് വയോധികയായ മെയ്‌ഡ്‌ലൈന്‍ ഡൈ പറയുന്നു.
ഒരു പുരുഷനോടും ഇതുവരെയും പ്രണയം തോന്നിയിട്ടില്ല.പുരുഷന്‍റെ അഭാവമാണ് തന്‍റെ ജീവിതരഹസ്യമെന്നും ഡൈ പറയുന്നു. വിവാഹത്തോട് താല്‍പര്യമില്ലാത്ത ഡൈയുടെ ജീവിതം എന്നും കളി തമാശ കൊണ്ട് നിറഞ്ഞതായിരുന്നു. വിവാഹബന്ധങ്ങള്‍ കൂടുതല്‍ മാനസികപിരിമുറുക്കം ഉണ്ടാക്കുകയുള്ളൂവെന്നാണ് ഡൈ പറയുന്നത്. 1912ല്‍ ഇംഗ്ലണ്ടിലെ ഹീലേയിലാണ് മെയ്‌ഡ്‌ലൈന്‍ ജനിച്ചത്.103 വയസുവരെയും ഡൈ ഒറ്റയ്‌ക്കാണ് ഭക്ഷണം പാചകം ചെയ്‌തിരുന്നത്.
ഡൈ ഇപ്പോള്‍ നോര്‍ട്ടണിലെ ലീസ് ഹാള്‍ കെയര്‍ ഹോമിലാണ് താമസം. 103 വയസുവരെയും ആരുടെയും സഹായമില്ലാതെ ഡൈ എല്ലാ ജോലികളും ചെയ്‌തിരുന്നു.ഏപ്രില്‍ 28നാണ് ഡൈ തന്‍റെ 106 പിറന്നാള്‍ ആഘോഷിച്ചത്. കഴിഞ്ഞ കാലത്തെ പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ ഡൈ പറയുക ഒന്ന് മാത്രം, എനിക്ക് പ്രണയമില്ലായിരുന്നു, അത് കൊണ്ടാണ് തന്‍റെ ജീവിതം ഇത്രയും രസകരമായതെന്ന് ഡൈ പറയുന്നു.
പ്രണയിക്കുന്നതില്‍ തെറ്റൊന്നുമില്ല.ഒരു സ്‌ത്രീയുടെ ജീവിതം കൂടുതല്‍ രസകരമാകുന്നത് അവള്‍ അവിവാഹിതയായി ജീവിക്കുമ്പോഴാണ്. ഡൈയുടെ അച്ഛന്‍ ഒന്നാം ലോകമഹായുദ്ധത്തിലാണ് മരിച്ചത്. ബുക്ക്‌ബൈന്‍ററായി കുറെ നാള്‍ ഡൈ ജോലി ചെയ്‌തിരുന്നു. താന്‍ ഏറെ സന്തോഷവതിയാണെന്നും ഇനിയും കുറെ നാള്‍ ജീവിക്കണമെന്നുണ്ടെന്നും ഡൈ പറഞ്ഞു.
