കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ നമ്മുക്ക് ചില രോഗങ്ങളെ തടയാന്‍ സാധിക്കും. 

കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെ നമ്മുക്ക് ചില രോഗങ്ങളെ തടയാന്‍ സാധിക്കും. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. ഇവയൊക്കെ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിയന്ത്രിക്കാം. 

പ്രമേഹത്തെ നിയന്ത്രിക്കാന്‍..

രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും.

എന്നാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിറ്റാമിൻ എ, ബി, ഇ ഡി എന്നിവ അടങ്ങിയ മുട്ട പ്രമേഹരോഗികള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം രക്ത സമ്മർദം കുറക്കാൻ സഹായിക്കും. മുട്ടയിലെ ക്യാല്‍സ്യവും ഇരുമ്പുമൊക്കെ ശരീരത്തിന് വളരെ നല്ലതാണ്. 

ഹൃദ്രോഗം തടയാന്‍..

ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷ്യസംസ്‌കാരവും ഹൃദയാഘാതം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും. 

ഹൃദയം സംരക്ഷിക്കാന്‍ നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. നമ്മളില്‍ പലര്‍ക്കും പച്ചക്കറികള്‍ ഇഷ്ടമല്ല. പ്രത്യേകിച്ച്, പച്ചിലകള്‍. എന്നാല്‍ ഹൃദ്രോഗം പോലുളള രോഗങ്ങളെ തടയാന്‍‌ ഈ പച്ചിലകള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ ഏറ്റവും നല്ലത് ചീര തന്നെയാണ് ചീര കഴിക്കുന്നത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും.

ധാരാളം ആന്‍റിഓക്സിഡന്‍റ് , വിറ്റമിനുകൾ, ധാതുക്കൾ‍, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമാണ് ചീര. ചീരയില്‍ അടങ്ങിയിരിക്കുന്ന നിട്രാറ്റ്സ് രക്തസമ്മർദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കും. കൂടാതെ ഇവ ആസ്തമയ്ക്കും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മത്തിനും നല്ലതാണ്.

ക്യാന്‍സറിനെ ചെറുക്കാന്‍...

അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.

ക്യാന്‍സര്‍ തടയാന്‍ അല്ലെങ്കില്‍ ക്യാന്‍സര്‍ വരാനുളള കാരണങ്ങളെ ചെറുക്കാന്‍ ഒരു പരിധി വരെ പാല്‍ ഉല്‍പ്പനങ്ങള്‍ക്ക് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. കാൽസ്യം, വിറ്റാമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ ഒ​ട്ടേറെ ഗുണങ്ങള്‍​ പാലിനുണ്ട്.