പ്രായഭേദമന്യേ എല്ലാവരെയും പിടികൂടുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോള്‍. അമിതമായി കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും വ്യായാമമില്ലായ്മയും തന്നെയാണ് കൊളസ്ട്രോൾ പിടിപെടാനുള്ള പ്രധാനകാരണങ്ങൾ. കൊളസ്ട്രോൾ പിടിപെട്ടാൽ  ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങൾ പിടിപെടാം. കൊളസ്‌ട്രോള്‍ പരിധികടന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വേണ്ടത്. കൊളസ്ട്രോൾ നിയന്ത്രിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ആൽമണ്ട്...

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ആൽമണ്ട്. ദിവസവും മൂന്നോ നാലോ ആൽമണ്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.  കൊളസ്ട്രോളിന് മാത്രമല്ല, ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ആൽമണ്ട് ഏറെ നല്ലതാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓർമശക്തി കൂട്ടാന്‍ സഹായിക്കും. 

അവോക്കാഡോ...

കൊളസ്ട്രോൾ പ്രശ്നമുള്ള സ്ത്രീകളും പുരുഷന്മാരും ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് 17 ശതമാനത്തോളം കൊളസ്ട്രോൾ കുറയ്ക്കുമെന്നാണ് മെക്സിക്കൻ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ വി​ദ​ഗ്ധർ പറയുന്നത്. അവോക്കാഡോ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴമാണ്. 

തക്കാളി...

ആഴ്ച്ചയിൽ മൂന്നോ നാലോ കപ്പ് തക്കാളി ജ്യൂസ് കുടിക്കുന്നത് 30 ശതമാനത്തോളം ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കുമെന്ന് ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ആശുപത്രിയിലെ ഡോക്ടമാർ പറയുന്നു. 35,000 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. ആന്റിഓക്സിഡന്റ്, പൊട്ടാസ്യം, വിറ്റാമിൻ, ഫെെബർ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനും തക്കാളി ഏറെ നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കാൻ തക്കാളി സൂപ്പായോ അല്ലാതെയോ കഴിക്കാം.

സാൽമൺ ഫിഷ്...

ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാൽമൺ. കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷിൽ 1.8 ​ഗ്രാം ഇക്കോസപ്പന്റാനോയ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇക്കോസപ്പന്റാനോയ് ആസിഡ് കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ്. 

ഓട്സ്...

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഓട്സ്. ഓട്സ് പാലിലോ അല്ലാതെയോ കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ ഓട്സിന് കഴിവുണ്ട്. ദിവസവും ഒന്നര കപ്പ് ഓട്സ് കുടിക്കുന്നത് മൂന്ന് ശതമാനത്തോളം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലെ ​വിദ​ഗ്ധർ പറയുന്നു.