1, സീരിയലുകള്‍ ജീവിതത്തിലേക്ക് വരുമ്പോള്‍-
ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും, സീരിയലുകളിലെ സംഭവങ്ങള്‍ ഉദാഹരിക്കുന്നവരുണ്ട്. ഒരാളെ കുറ്റപ്പെടുത്തിയോ അല്ലെങ്കില്‍ പ്രശംസിച്ചോ സംസാരിക്കുമ്പോള്‍, സീരിയല്‍ കഥാപാത്രങ്ങളെ ആ സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നവരുണ്ട്.
2, ജോലി സമയത്തെ സീരിയല്‍ വര്‍ത്തമാനങ്ങള്‍-
ഏതെങ്കിലുമൊരു ഓഫീസിലേക്ക് ഒന്നു പോയിനോക്കൂ. രാവിലെ തന്നെ ജീവനക്കാര്‍ വട്ടമിട്ട് ഇരുന്ന് തലേദിവസത്തെ സീരിയല്‍ വിശകലനം നടത്തുന്നത് കാണാം. എല്ലാ ഓഫീസുകളിലും ഇങ്ങനെയുണ്ട് എന്നല്ല. ചില ഓഫീസുകളിലെങ്കിലും സീരിയല്‍ പുരാണം നടക്കാറുണ്ട്. ഇത് ജീവനക്കാരുടെ ജോലിക്ഷമതയെ ബാധിക്കുന്ന കാര്യമാണെന്ന് പറയാതെ വയ്യ.
3, സീരിയലിനുവേണ്ടി ജീവിതം മാറ്റുന്നവര്‍-
സീരിയല്‍ കാണുന്നതിനുവേണ്ടി ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മാറ്റിവെക്കുന്നവരുണ്ട്. പ്രധാനപ്പെട്ട ചടങ്ങകളിലും മറ്റും സമയത്ത് പങ്കെടുക്കാതിരിക്കുകയോ, അത് ഒഴിവാക്കുകയോ ചെയ്യുന്നവരുണ്ട്. സീരിയല്‍ കാണാന്‍വേണ്ടി ജീവിതത്തില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങളില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍, അത് കുടുംബജീവിതത്തിലും ദാമ്പത്യജീവിതത്തിലും മാത്രമല്ല, സാമൂഹികജീവിതത്തില്‍പ്പോലും താളപ്പിഴകള്‍ ഉണ്ടാക്കിയേക്കാം.
4, കഥാപാത്രങ്ങളുടെ വേദന പേറുന്നവര്‍-
സീരിയലുകളിലെ മുഖ്യ കഥാപാത്രങ്ങള്‍, ദുഃഖം പേറുന്നവരായിരിക്കും. ചില പ്രേക്ഷകര്‍ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ദുഃഖം സ്വയമങ്ങ് ഏറ്റെടുക്കും. ഇത് പലപ്പോഴും വിഷാദം, മാനസികസംഘര്‍ഷം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും.
5, സീരിയല്‍ സംഭാഷണം ജീവിതത്തിലും-
സീരിയലില്‍ ദേഷ്യം വരുമ്പോഴും മറ്റും ഉപയോഗിക്കുന്ന സംഭാഷണം, മനസില്‍ പതിയുന്നവര്‍, അത് യഥാര്‍ത്ഥ ജീവിതത്തിലും പ്രയോഗിക്കും. ആരോടെങ്കിലും വഴക്ക് ഉണ്ടാക്കുമ്പോള്‍, സീരിയല്‍ സംഭാഷണം വെച്ച് കാച്ചുന്നവരുണ്ട്. പലപ്പോഴും ഈ സംഭാഷണം കാരണം കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം...!
