1, ഭക്ഷണ കാര്യം-

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്ന് ഡോക്‌ടര്‍മാര്‍ ആവശ്യപ്പെടാറുണ്ട്. ഉദാഹരണത്തിന് ഉപ്പ്, പഞ്ചസാര, എണ്ണയില്‍ വറുത്ത ഭക്ഷണം തുടങ്ങിയവയൊക്കെ നിയന്ത്രിക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും വരുത്താത്തവര്‍, അസുഖം മൂര്‍ച്ഛിച്ച് ഡോക്‌ടറെ കാണുമ്പോള്‍ ഭക്ഷണ നിയന്ത്രണം പാലിക്കുന്നുണ്ടെന്നാകും പറയുക. ഡോക്‌ടറുടെ ശകാരം ഭയന്നാണ് കൂടുതല്‍ പേരും ഇങ്ങനെ കളവ് പറയുന്നത്.

2, മദ്യപാനം-

മദ്യപിക്കാറുണ്ടോ എന്ന് ഡോക്‌ടര്‍ ചോദിക്കുമ്പോള്‍, അങ്ങനെ ചെയ്യുന്നവരാണെങ്കില്‍ കൂടി ചിലര്‍ അത് മറച്ചുവെക്കും. മദ്യപിക്കാറില്ലെന്ന കള്ളം ആയിരിക്കും ഇവര്‍ പറയുക. അല്ലെങ്കില്‍, നന്നായി മദ്യപിക്കുന്ന ഒരാള്‍ ഡോക്‌ടറോട് പറയുക, വല്ലപ്പോഴും കുറച്ച് മദ്യപിക്കാറുണ്ട് എന്നായിരിക്കും. രോഗ നിര്‍ണയവുമായി ബന്ധപ്പെടുത്തിയാകും മദ്യപിക്കാറുണ്ടോ എന്ന ചോദ്യം ഡോക്‌ടര്‍ ചോദിക്കുക. എന്നാല്‍ അഭിമാനം ബോധമുള്ളവര്‍ മിക്കവരും ഇക്കാര്യത്തില്‍ ഡോക്‌ടറോട് പറയുന്നത് മദ്യപിക്കാറില്ല എന്ന കളവായിരിക്കും.

3, രോഗ ലക്ഷണങ്ങള്‍-

ചിലര്‍ക്ക് മരുന്ന് കഴിക്കാന്‍ മടിയുണ്ടാകും, മറ്റു ചിലര്‍ ശസ്‌ത്രക്രിയയെ ഭയക്കുന്നുണ്ടാകും. ഇത്തരക്കാര്‍ പല രോഗലക്ഷണങ്ങളും ഡോക്‌ടറില്‍നിന്ന് മറച്ചുവെക്കും. വലിയ കുഴപ്പമൊന്നുമില്ല, ചെറിയ വേദന മാത്രമേയുള്ള എന്ന ലൈനായിരിക്കും ഇത്തരക്കാര്‍ സ്വീകരിക്കുക. ഇതും ഡോക്‌ടര്‍മാരോട് കളവ് പറയുന്നതിന് തുല്യമാണ്.

4, മരുന്ന് കഴിക്കുന്നത് സംബന്ധിച്ച്-

ഡോക്‌ടര്‍മാര്‍ നല്‍കുന്ന മരുന്ന് കൃത്യതയോടെ കഴിക്കാന്‍ ചിലര്‍ മറന്നുപോകും, മറ്റു ചിലര്‍ മടി കാരണം മരുന്ന് കഴിക്കാതിരിക്കും. ചിലര്‍ ബോധപൂര്‍വ്വം മരുന്ന് കഴിക്കുകയുമില്ല. എന്നാല്‍ വീണ്ടും ഡോക്‌ടറെ കാണുമ്പോള്‍, മരുന്നെല്ലാം കൃത്യമായി കഴിച്ചല്ലോ എന്ന ചോദ്യത്തിന് യാതൊരു സങ്കോചവും കൂടാതെ, കഴിച്ചു ഡോക്‌ടര്‍ എന്ന മറുപടിയാകും ഇത്തരക്കാര്‍ നല്‍കുക.

5, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം-

ലൈംഗിക സംബന്ധമായ അസുഖങ്ങളുമായി ഡോക്‌ടറെ കാണുന്ന ഒരാള്‍, ഇക്കാര്യം മറച്ചുവെക്കുകയാണ് ചെയ്യാറുള്ളത്. മദ്യപാനത്തിന്റെ കാര്യത്തില്‍ എന്ന പോലെ അഭിമാനബോധമാണ് ഇത്തരം കളവ് പറയാന്‍ അവരെ പ്രേരിപ്പിക്കുന്നത്.