ആര്‍ത്തവ സമയത്തെ കടുത്ത വേദനയെ തുടര്‍ന്നാണ് അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു സ്‌ത്രീകളില്‍നിന്ന് വ്യത്യസ്‌തമായി ആര്‍ത്തവ സമയത്ത് ക്രമാതീതമായ രക്തസ്രാവവും അമിതമായ വേദനയുമായിരുന്നു. വര്‍ഷങ്ങളായി ഇതായിരുന്നു അവസ്ഥ. ഇതേത്തുടര്‍ന്ന് നിരവധി തവണ രക്തം കയറ്റേണ്ടിവന്നു. പറഞ്ഞുവരുന്നത്, അരുണാചല്‍പ്രദേശില്‍ ഇറ്റാനഗറിലെ രാമകൃഷ്‌ണ മിഷന്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഏറെ ദുഷ്‌കരമായ ഒരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാകേണ്ടിവന്ന യുവതിയുടെ കഥയാണ്. ഇവരുടെ ഗര്‍ഭപാത്രത്തില്‍നിന്ന് അമ്പതോളം മുഴകളാണ് ഡോക്‌ടര്‍മാര്‍ നീക്കം ചെയ്‌തത്. മണിക്കൂറുകളോളം നീണ്ടുനിന്ന ശസ്‌ത്രക്രിയയ്‌ക്കൊടുവിലായിരുന്നു ഇത്. ജീവന്‍ തന്നെ അപകടത്തിലായ അവസ്ഥയിലാണ് ഡോക്‌ടര്‍മാരുടെ സമയോചിതമായ ഇടപെടലില്‍ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നത്. കടുത്ത ആര്‍ത്തവവേദനയ്‌ക്ക് വര്‍ഷങ്ങളായി ദില്ലിയിലെയും ചെന്നൈയിലെയും വന്‍കിട ആശുപത്രികളിലെ ഡോക്‌ടര്‍മാരെ കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. പലതരം ചികില്‍സകള്‍ തേടിയെങ്കിലും വേദനയ്‌ക്ക് ശമനമുണ്ടായില്ല. ഗര്‍ഭപാത്രത്തിലെ അസ്വാഭാവികത കാരണം എല്ലാവരും അത് നീക്കം ചെയ്യാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ വിവാഹം കഴിക്കാത്ത യുവതി അതിന് തയ്യാറായില്ല.
അങ്ങനെയിരിക്കെയാണ് യുവതി ശ്രീരാമകൃഷ്‌ണമിഷന്‍ ആശുപത്രിയിലെത്തുന്നത്. പരിശോധനകള്‍ക്ക് ഒടുവില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനാണ് അവിടുത്തെയും ഡോക്‌ടര്‍മാര്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ പിന്നീട്, ഗര്‍ഭപാത്രം നീക്കെതെതന്നെ മുഴകള്‍ നീക്കാനുള്ള ശ്രമം നടത്താമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അത്യന്തം അപകടകരമായ ശസ്‌ത്രക്രിയയുടെ ബുദ്ധിമുട്ടികള്‍ രോഗിയെയും ബന്ധുക്കളെയും പറഞ്ഞുമനസിലാക്കിയാണ് ശസ്‌ത്രക്രിയ നടത്തിയത്. ഇപ്പോള്‍ യുവതി സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. കുറച്ചുദിവസം ആശുപത്രിയില്‍ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങാം. ശസ്‌ത്രക്രിയ വിജയകരമാണെന്നും, സാധാരണ സ്‌ത്രീകളെപ്പോലെ വിവാഹജീവിതം നയിക്കാമെന്നും, ഗര്‍ഭിണിയാകാനും സാധിക്കുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
