ജോഗിങിനിടയില്‍ ചെയ്തുകൂടാത്ത പ്രധാനപ്പെട്ട ആറ് കാര്യങ്ങള്‍

ദിവസവും രാവിലെ ജോഗിങിന് പോകുന്നത് വ്യക്തിപരമായ ആരോഗ്യ സംരക്ഷണത്തിനും ആ ദിവസം മുഴുവന്‍ ഉര്‍ജ്ജം നിലനിര്‍ത്തുന്നതിനും നല്ലതാണ്. പോകേണ്ട രീതിയില്‍ ജോഗിങിന് പോകുന്നത് ശരീരത്തിന് നല്ല ആകൃതി നേടിയെടുക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും ഉപകരിക്കും. എന്നാല്‍ ജോഗിങ് ചെയ്യേണ്ട രീതിയില്‍ ചെയ്തില്ലങ്കില്‍ അതുകൊണ്ട് ഒരു ഫലവും ലഭിക്കാതെയും പോകും. ജോഗിങില്‍ ചെയ്തുകൂടാത്ത പ്രധാനപ്പെട്ട ആറ് കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

1) വേഗതയോടെയുളള കുതിപ്പ്

ആദ്യമായി ഓടുന്നവര്‍ മുതല്‍ വര്‍ഷങ്ങളായി ജോഗിങ് നടത്തുന്നവ‍ര്‍ വരെ ചെയ്യുന്നതാണിത്. വേഗതയിലുളള പാച്ചില്‍ ഒരിക്കലും ജോഗിങില്‍ പാടില്ലാത്തതാണ്. അങ്ങനെ ചെയ്താല്‍ ഗുണത്തേക്കാളേറെ അത് ദോഷമേ ചെയ്യൂ. മനുഷ്യശരീരം വിയര്‍ക്കുന്ന രീതിയില്‍ വേഗതയില്‍ നടക്കുകയെന്നതാണ് ശരിയായ രീതി. നിങ്ങള്‍ ഓടാന്‍ തുടങ്ങിയാല്‍ ശരീരത്തിന് അത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഓരോ ആഴ്ചയിലും 10 ശതമാനം വീതം ദൂരം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ശരിയായ രീതി. 

2) ഓട്ടത്തിന് അവധി പാടില്ല 

തുടക്കക്കാര്‍ക്ക് പറ്റുന്ന ഏറ്റവും വലിയ പ്രശ്നമാണിത്. ഒരാഴ്ച്ച ഓടിയാല്‍ പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴിക്ക് പോകില്ല. വീണ്ടും ഒരു ദിവസം ഓട്ടം തുടങ്ങും. ഒരിക്കലും ചെയ്തുകൂടാത്ത കാര്യമാണിത്. നിങ്ങള്‍ ജോഗിങിന് പേയിത്തുടങ്ങുന്നതോടെ നിങ്ങളുടെ ശരീരത്തിലെ പേശികളുടെ സ്വഭാവികതയും അതിനനുസരിച്ച് മാറിത്തുടങ്ങും. പിന്നീട് നിങ്ങള്‍ ആ ഓട്ടം നിര്‍ത്തുമ്പോള്‍ നിങ്ങളുടെ ശരീരത്തെ അത് ദോഷമായി മാറും. ജോഗിങിന് അവധി നല്‍കാനേ പാടില്ല. 

3) അനുയോജ്യമായ വേഷം

ജോഗിങ് സമയത്ത് അനുയോജ്യമായ വേഷം മാത്രം ധരിക്കുക. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഓടാനുപയോഗിക്കുന്ന ഷൂസ്സാണ്. പാകമായ റണ്ണിങ് ഷൂസ്സുകള്‍ മാത്രം ഉപയോഗിക്കുക. ജോഗ്ഗിങ് സമയത്ത് ഓട്ടത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നും തന്നെ ശരീരത്തില്‍ ധരിക്കാന്‍ പാടില്ല. 

4) ഇയര്‍ഫോണ്‍ വേണ്ട

ജോഗിങ് സമയത്ത് ചുറ്റുമുളള പ്രകൃതിയുടെ സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുക. ജോഗിങ് സമയത്ത് ഇയര്‍ഫോണ്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് ഓടുന്നത് നിങ്ങളുടെ ചെവികള്‍ക്ക് പരിക്കേല്‍പ്പിക്കും. ഓടുമ്പോള്‍ ചെവിയിക്കുളളില്‍ നിറയുന്ന മര്‍ദ്ദം ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ വെളിയില്‍ പോകാതെ തടയപ്പെടുകയും നിങ്ങളുടെ കര്‍ണ്ണപടത്തെ അത് അപകടത്തിലാക്കുകയും ചെയ്യും. ഓട്ടത്തിനിടെ ഇയര്‍ ഫോണിലൂടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ശ്രദ്ധ നഷ്ടപ്പെടുന്നത് നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാവാനും കാരണമാകുന്നു.

5) പരിക്കുകളും രോഗങ്ങളും ഉളളപ്പോള്‍ വേണ്ട

നിങ്ങളുടെ ശരീരത്തില്‍ പരിക്കുകളും ശരീരം കൂടുതലായി ചലിപ്പിച്ചുകൂടാത്ത രോഗമുളളപ്പോഴും ജോഗിങ് പൂര്‍ണ്ണമായും ഒഴിവാക്കുക. 

6) താരതമ്യം വേണ്ട

ജോഗിങിനിടയില്‍ മറ്റുളളവരുടെ ശരീരങ്ങളുമായി താരതമ്യ പഠനങ്ങള്‍ വേണ്ട. ഓരോത്തരുടെയും ശരീരഘടന മറ്റുളളവരില്‍ നിന്ന് വ്യത്യസ്ഥമാണ് എന്ന് തിരിച്ചറിയുക. നമ്മുടെ ശരീരത്തിന്‍റെ ശേഷി അനുസരിച്ച് ജോഗിങിന്‍റെ സമയം, ദൂരം എന്നിവ ചിട്ടപ്പെടുത്തുക. ജോഗിങ് ഒരു മത്സരമല്ല മറിച്ച് അത് ഒരു വ്യായാമമുറയാണ് എന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക.