1, ജോലി സ്ഥലം...
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലം, ഡെസ്‌ക്ക് എന്നിവ വളരെ ശാന്തമായിരിക്കണം. ജോലിയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് സഹായിക്കും. പേപ്പറുകളും പുസ്‌തകങ്ങളും മറ്റും വലിച്ചുവാരി ഇടാതിരിക്കുക. എല്ലാം നന്നായി അടുക്കിവെയ്‌ക്കണം. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ അവിടേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതുവെ ശാന്തമായ അന്തരീക്ഷമാണ് ജോലി സ്ഥലത്തുള്ളതെങ്കില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കും...
2, എല്ലാം തൊട്ടടുത്ത് തന്നെ വേണം...
ജോലിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ളതെല്ലാം സീറ്റിന് അരികില്‍ത്തന്നെ ക്രമീകരിക്കുക. പുസ്‌തകം, പേന, കുടിവെള്ളം, ലഘുഭക്ഷണം ഇവയൊക്കെ കൈയെത്തുന്ന അകലത്തില്‍ വെയ്‌ക്കാന്‍ ശ്രദ്ധിക്കുക.
3, ശല്യമെങ്കില്‍ ഫോണ്‍ ഒഴിവാക്കുക...
പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍, ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയോ, സൈലന്റ് ആക്കുകയോ ചെയ്യുക. ഇടയ്‌ക്കിടെ ഫോണ്‍ ഉപയോഗിക്കുന്നത് ജോലിയെ ശരിക്കും ബാധിക്കും. അതുപോലെ തന്നെ ജോലിയ്‌ക്കിടയില്‍ ഡാറ്റ ഓഫാക്കിയാല്‍, സോഷ്യല്‍ മീഡിയ സൈറ്റുകളുടെ ഉപയോഗവും കുറയ്‌ക്കാനാകും.
4, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഒരു വഴി...
സ്റ്റിക്കി പേപ്പറുകളില്‍ നല്ല വാചകങ്ങള്‍ എഴുതി, എപ്പോവും കാണാനാകുന്ന സ്ഥലത്ത് ഒട്ടിച്ചുവെയ്‌ക്കുക. ജോലിയില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍, ഈ പേപ്പര്‍ വായിക്കുന്നത് മനസിന് കൂടുതല്‍ ശാന്തത നല്‍കും.
5, വെറുതെയെങ്കിലും ഹെഡ്ഫോണ്‍ ഉപയോഗിക്കാം...
ജോലി സ്ഥലത്ത് മറ്റു ശബ്ദങ്ങള്‍ അലോസരപ്പെടുത്തുന്നുവെങ്കില്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ച് ശബ്ദം കുറച്ച് പാട്ടുകേള്‍ക്കാം. പാട്ടുകേള്‍ക്കുന്നില്ലെങ്കിലും, ഹെഡ്ഫോണ്‍ ചെവിയില്‍വെച്ച് ജോലി ചെയ്യുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും...
6, ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ...
ജോലിയില്‍ അടുക്കുംചിട്ടയും കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. ഓരോദിവസവും ഓഫീസില്‍ ചെയ്‌തു തീര്‍ക്കേണ്ട ജോലികളുടെ പട്ടിക തയ്യാറാക്കുക. ഇതിന് ഫോണിലെ ആപ്പോ, കംപ്യൂട്ടറിലെ എക്‌സെല്‍ഷീറ്റ് പോലെയുള്ള സംവിധാനമോ ഉപയോഗിക്കാം... ചെയ്‌തു തീര്‍ക്കേണ്ട സമയക്രമം കൂടി നല്‍കിയാല്‍ നന്നായിരിക്കും.
