നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ പ്രധാനമായും ഏഴ് കോഡുകളായി തരം തിരിച്ചിരിക്കുന്നു

ലോകം മുഴുവന്‍ പ്ലാസ്റ്റിക് എന്ന വില്ലനെ തിരിച്ചറിയുമ്പോഴും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഈ വില്ലനെ നമുക്ക് ഒഴിവാക്കാനാകുന്നില്ല. എങ്കിലും ഏതെല്ലാമാണ് ദൈനംദിന ഉപയോഗങ്ങള്‍ക്കായി നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ ഏറ്റവും അപകടകാരികള്‍?

അങ്ങനെ ഒരു വേര്‍തിരിവ് തന്നെ ആഗോളതലത്തില്‍ പ്ലാസ്റ്റിക്കിനുണ്ട്. വിവിധ കോഡുകളായി പ്ലാസ്്റ്റിക്കിനെ തരം തിരിച്ചിരിക്കുന്നു. ആകെ ഏഴ് കോഡുകളാണ് ഉള്ളതെങ്കില്‍ ഇവയില്‍ 2,4,5 എന്നീ കോഡുകളാണ് താരതമ്യേന സുരക്ഷിതമായ പ്ലാസ്റ്റിക്കുകള്‍. 

കോഡ് 1.

പി.ഇ.ടി എന്നറിയപ്പെടുന്ന ഈ പ്ലാസ്റ്റിക്കിന് ഉത്തമ ഉദാഹരണങ്ങളാണ് പോളിസ്റ്റര്‍ തുണിത്തരങ്ങള്‍, കുടിവെള്ളക്കുപ്പികള്‍, ബിയര്‍- മൗത്ത് വാഷ്- ജാം എന്നിവയുടെയെല്ലാം കുപ്പികള്‍ തുടങ്ങിയവ. മൈക്രോവേവ് അവനില്‍ ഉപയോഗിക്കുന്ന ട്രേയും ഇക്കൂട്ടത്തില്‍ പെടും. ആരോഗ്യത്തിന് ഏറ്റവും അപകടമുണ്ടാക്കുന്ന തരം പ്ലാസ്റ്റിക്കാണ് ഇതെന്നതില്‍ സംശയം വേണ്ട. 

കോഡ് 2.

എച്ച്.ഡി.പി.ഇ എന്നറിയപ്പെടുന്ന ഇക്കൂട്ടരില്‍ പെടുന്നവരാണ് പാല്‍- ജ്യൂസ്-ചിലയിനം മരുന്നുകള്‍- ഷാംപൂ-സോപ്പുപൊടി എന്നിവയുടെയെല്ലാം കുപ്പികള്‍. താരതമ്യേന അപകടം കുറവെങ്കിലും ഇവരെയും സൂക്ഷിച്ചാല്‍ നന്ന്. 

കോഡ് 3.

വി, അഥവാ വിനൈല്‍ അല്ലെങ്കില്‍ പി.വി.സി എന്നറിയപ്പെടുന്ന ഈ വിഭാഗത്തില്‍ പ്രധാനമായി ഉള്‍പ്പെടുന്നത് കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന പി.വി.സി, ആഢംബര കര്‍ട്ടനുകള്‍, വലിയ ജാറുകള്‍, വയറുകളുടെ ഇന്‍സുലേഷന്‍, വിന്‍ഡോ ഫ്രെയിമുകള്‍, മെഡിക്കല്‍ ട്യൂബുകള്‍ എന്നിവയൊക്കെയാണ്. ഏറ്റവും അപകടകാരിയായ വിഭാഗമാണ് ഇവര്‍.

കോഡ് 4.

എല്‍.ഡി.പി.ഇ എന്നറിയപ്പെടുന്ന ഈ വിഭാഗത്തില്‍ ബാഗുകള്‍, വലിയ കണ്ടെയ്‌നറുകള്‍, പായ്ക്കറ്റുകള്‍, വയര്‍ കേബിളുകള്‍ എന്നിവയൊക്കെയാണ് അടങ്ങുന്നത്. വലിയ പ്രശ്‌നക്കാരല്ലെങ്കിലും ക്രമേണ പ്രശ്‌നക്കാരാകുന്ന വിഭാഗക്കാരാണ് ഇവര്‍.

കോഡ് 5.

പി.പി എന്ന് വിളിക്കുന്ന ഇക്കൂട്ടരില്‍ പ്രധാനമായും ചീസ്, ബട്ടര്‍ പോലുള്ള ഭക്ഷണ സാധനങ്ങളുടെ പൊതികള്‍, സാനിറ്ററി പാഡുകള്‍, വാഹനങ്ങളിലെ ചെറിയ ഭാഗങ്ങള്‍ ഒക്കെയാണ് ഉള്‍പ്പെടുന്നത്. ഇക്കൂട്ടരും താരതമ്യേന കുറച്ച് പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കൂ.

കോഡ് 6.

മനുഷ്യരെ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിപ്പെടുത്തുന്ന വിഭാഗക്കാരാണ് ഇക്കൂട്ടര്‍. സിഡികള്‍, ഡിവിഡികള്‍, വലിയ മരുന്നുകുപ്പികള്‍, സ്‌മോക് ഡിറ്റക്‌റ്റേഴ്‌സ്, ഹാങ്ങറുകള്‍ അങ്ങനെ പോകുന്നു ലിസ്റ്റ്. നെര്‍വ് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കാരണമാകും.

കോഡ് 7.

മേല്‍പ്പറഞ്ഞ ഒന്നിലും പെടാത്തവയാണ് അവസാന വിഭാഗക്കാരായ കോഡ് 7 പ്ലാസ്റ്റിക്കുകാര്‍. ചിലയിനം കുടിവെള്ളക്കുപ്പികള്‍, ബേബി ബോട്ടിലുകള്‍, ഐ ലെന്‍സ്, കപ്പുകള്‍....എന്നിവയെല്ലാം ഉദാഹരണങ്ങളാണ്. ക്രമേണ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കാണ് ഇവയുടെ ഉപയോഗം വഴിവെക്കുക.

പ്ലാസ്റ്റിക് ഉപയോഗം ഏതു രീതിയില്‍ വിശകലനം നടത്തിയാലും ശരീരത്തിന് ഹാനികരം തന്നെ. എങ്കിലും താരതമ്യേമ പ്രശ്‌നം കുറഞ്ഞവ തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് ശീലമാക്കിയാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരം രക്ഷ നേടാം.