കോളേജ് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നല്ല ഓര്‍മ്മകളാണ് പലര്‍ക്കും അനുഭവിക്കാനാകുക. ക്ലാസിലും കാംപസിലും ഒപ്പിച്ചിട്ടുള്ള വികൃതികള്‍, നല്ല സൗഹൃദങ്ങള്‍, പ്രണയം അങ്ങനെ പലതും കോളേജ് ജീവിതത്തില്‍നിന്ന് ലഭിക്കുന്നവയാണ്. കോളേജിലെ നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച് ഒന്നു ഓര്‍ത്തുനോക്കൂ. പലതരം സുഹൃത്തുക്കളെ അവിടെ കാണാനാകും. അത്തരത്തില്‍ കോളേജില്‍ കാണപ്പെടുന്ന 7 തരം സുഹൃത്തുക്കളെ കുറിച്ച് പറയാം. നിങ്ങള്‍ക്കും ഇത്തരം സുഹൃത്തുക്കളുണ്ടോ?

1, വൈകി വരുന്നവര്‍-

പതിവായി വൈകി വരുന്ന ചിലര്‍ നിങ്ങളുടെ സുഹൃത്തുക്കളായി ഉണ്ടായിരുന്നോ? ഉണ്ട് എന്നു തന്നെയായിരിക്കും ഏവര്‍ക്കും പറയാനാകുക. പലപ്പോഴും അദ്ധ്യാപകരുടെ ശാസന കാരണം വൈകരുതെന്ന് നിങ്ങള്‍ അവരെ ഉപദേശിച്ചിട്ടുണ്ടാകും. എന്നാല്‍ അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായിട്ടില്ല. അവര്‍ വൈകി തന്നെയാകും പിന്നെയും വന്നിട്ടുണ്ടാകുക...

2, മറ്റുള്ളവരെ അനുകരിക്കുന്നവര്‍-

അങ്ങനെ ചിലര്‍ നിങ്ങള്‍ക്കൊപ്പം ക്ലാസിലോ കാംപസിലോ ഉണ്ടായിരിന്നിരിക്കണം. പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും എന്തിന് നിങ്ങളുടെ സഹപാഠിയെ അല്ലെങ്കില്‍ നിങ്ങളെപ്പോലും അയാള്‍ അനുകരിച്ചിട്ടുണ്ടാകും. മറ്റുള്ളവരെ രസിപ്പിക്കാന്‍ ഇവര്‍ ബഹുകേമന്‍മാരായിരിക്കും.

3, തീറ്റപ്രാന്തുള്ളവര്‍-

ഭക്ഷണപ്രിയരായ സുഹൃത്തുക്കളുണ്ടായിട്ടുണ്ടോ നിങ്ങള്‍ക്ക്? ഹോട്ടലില്‍പോയാലും കല്യാണത്തിന് പോയാലും, ഭക്ഷണം കഴിക്കു എന്നതായിരിക്കും ഇവരുടെ പ്രധാന അജന്‍ഡ. എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ല എന്നതായിരിക്കും ഇവരുടെ പരിഭവം.

4, കളിയാക്കപ്പെടാന്‍ ഒരാള്‍-

കാംപസില്‍ സുഹൃത്തുക്കളുടെ ഗ്രൂപ്പുകളുണ്ടാകും. ഓരോ ഗ്രൂപ്പിലും കളിയാക്കപ്പെടാന്‍ ഒരാളുണ്ടാകും. അയാള്‍ എന്തു പറഞ്ഞാലും ചെയ്‌താലും അത് മണ്ടത്തരമായിരിക്കും. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ അപ്പുക്കുട്ടനെപ്പോലെ ഒരു കഥാപാത്രം...!

5, എപ്പോഴും വിഷമിച്ചിരിക്കുന്ന ഒരാള്‍-

വ്യക്തിപരമായോ മറ്റോ ഉള്ള വിഷമം കാംപസിലും കൂടെക്കൂട്ടുന്ന ഒരു സുഹൃത്ത് നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? എത്ര ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും അവരുടെ വിഷമം മാത്രം മാറില്ല. കാംപസില്‍നിന്ന് പോകുന്നതുവെര അവര്‍ അങ്ങനെ തന്നെ ആയിരിക്കും.

6, മിടുക്കനായ വിദ്യാര്‍ത്ഥി-

അദ്ധ്യാപകര്‍ പോലും ഭയപ്പെടുന്ന തരം സുഹൃത്തുക്കള്‍. തങ്ങള്‍ ക്ലാസെടുക്കുമ്പോള്‍, അവന്‍ ഒരു സംശയവും ചോദിക്കരുതേ എന്നായിരിക്കും അദ്ധ്യാപകരുടെ പ്രാര്‍ത്ഥന. നന്നായി പഠിക്കുകയും, അസൈന്‍മെന്റുകളെല്ലാം സമയത്ത് നല്‍കുകയും ചെയ്യുന്ന തരം വിദ്യാര്‍ത്ഥിയായിരിക്കും ഇയാള്‍.

7, വിക്കിപീഡിയ-

സര്‍വ്വവിജ്ഞാനകോശം പോലെ ഒരാള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിന്നിരിക്കും. എന്തു ചോദിച്ചാലും അതിനുള്ള ഉത്തരം അയാളുടെ കൈവശം റെഡിയായിരിക്കും. കോളേജിലെ അദ്ധ്യാപകരെക്കുറിച്ചും സഹപാഠികളെക്കുറിച്ചുമൊക്കെ ആധികാരികതയോടെയായിരിക്കും ഇയാള്‍ സംസാരിക്കുക. എന്നാല്‍ ഇയാള്‍ പറയുന്നതെല്ലാം ശരിയെന്ന് ധരിച്ചാല്‍ അബദ്ധമാകും.