ജനീവ: മാതാപിതാക്കളില്‍ നിന്ന് ഒളിച്ചോടിയ ഏഴ് വയസുകാരി ഫ്രാന്‍സില്‍ നിന്നുള്ള വിമാനം കയറി. ജനീവയിലാണ് സംഭവം. ഞായറാഴ്ച ജനീവയിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഏഴ് വയസുകാരി ട്രെയിനില്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ചലനങ്ങള്‍ വിമാനത്താവളത്തിലെ വീഡിയോയിലൂടെ പൊലീസ് നിരീക്ഷിച്ചു.

ചെറിയ കുട്ടിയായത് കൊണ്ട് തന്നെ കുട്ടി വിമാനത്താവളത്തിലെ പ്രവേശന കവാടം കടക്കുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ആദ്യം ഒരു കൂട്ടം ആള്‍ക്കാരുടെ കൂടെ വിമാനത്തില്‍ കയറാന്‍ പോയെങ്കിലും തിരിച്ച് വരികയായിരുന്നു. പിന്നീട് ആള്‍ക്കൂട്ടത്തില്‍ തന്‍റെ മാതാപിതാക്കളെ നോക്കുന്നത് പോലെ അഭിനയിച്ച കുട്ടി കുറച്ച് സമയത്തിന് ശേഷം മറ്റൊരു വിമാനത്തില്‍ കയറി. എന്നാല്‍ ഒരു ജീവനക്കാരന്‍ കുട്ടിയെ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു.തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിച്ചു.

എന്നാല്‍ കുട്ടി കയറിയ വിമാനം ഏതാണെന്നോ ഏങ്ങോട്ട് പോകുന്നതാണെന്നോ അധികൃതര്‍ വെളിപ്പെടുത്തിയില്ല. കുട്ടി കയറിയത് ഫ്രാന്‍സില്‍ നിന്നുള്ള വിമാനങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്നാണെന്നാണ് പുറത്ത് വരുന്ന വിവരം. വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിക്കും എന്നാണ് അധികൃതര്‍ സംഭവത്തെ തുടര്‍ന്ന് പറഞ്ഞത്.