സോഷ്യൽ മീഡിയയിലെ പുതിയൊരു സൗന്ദര്യ പരീക്ഷണം ചർമ്മരോഗ വിദഗ്ധർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. മേക്കപ്പ് ഇല്ലാതെ തന്നെ മുഖത്തിന്റെ ആകൃതി മനോഹരമാക്കാൻ സൺസ്‌ക്രീൻ ഉപയോഗിക്കുന്ന 'സൺസ്‌ക്രീൻ കോൺടൂറിംഗ്' എന്ന രീതിയാണ് ഇപ്പോൾ ജെൻ സികൾക്കിടയിൽ തരംഗമാകുന്നത്. 

മേക്കപ്പ് ഉപയോഗിച്ച് മുഖത്തിന്റെ ആകൃതി മനോഹരമാക്കുന്ന രീതിയാണ് കോൺടൂറിംഗ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് സൺസ്‌ക്രീൻ ഉപയോഗിച്ചുള്ള ഒരു വിചിത്രമായ കോൺടൂറിംഗ് രീതിയാണ്. വെറുമൊരു ഭംഗിക്ക് അപ്പുറം ചർമ്മത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഈ 'സൺസ്‌ക്രീൻ കോൺടൂറിംഗ്' ട്രെൻഡിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചർമ്മരോഗ വിദഗ്ധർ.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് സൺസ്‌ക്രീൻ കോൺടൂറിംഗ്?

മുഖത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം സൺസ്‌ക്രീൻ പുരട്ടുകയും ബാക്കി ഭാഗങ്ങൾ വെയിൽ ഏൽക്കാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയാണിത്. മൂക്കിന്റെ വശങ്ങൾ, താടിയെല്ല് തുടങ്ങിയ ഭാഗങ്ങളിൽ സൺസ്‌ക്രീൻ പുരട്ടാതിരിക്കുമ്പോൾ ആ ഭാഗങ്ങൾ വെയിലേറ്റു കറുക്കുകയും, സൺസ്‌ക്രീൻ പുരട്ടിയ ഭാഗങ്ങൾ വെളുത്തിരിക്കുകയും ചെയ്യും. ഇത് മുഖത്തിന് സ്വാഭാവികമായ ഒരു കോൺടൂറിംഗ് ലുക്ക് നൽകുമെന്നാണ് ഈ ട്രെൻഡ് പിന്തുടരുന്നവർ അവകാശപ്പെടുന്നത്.

ജെൻ സി എന്തുകൊണ്ട് ഇതിലേക്ക് ആകർഷിക്കപ്പെടുന്നു?

  • സ്ഥിരമായ മാറ്റം: മേക്കപ്പ് കഴുകിക്കളഞ്ഞാൽ കോൺടൂറിംഗ് ഇല്ലാതാകും. എന്നാൽ വെയിലേറ്റുണ്ടാകുന്ന ഈ മാറ്റം ആഴ്ചകളോളം നിലനിൽക്കുമെന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. 
  • ഫിൽട്ടറില്ലാത്ത ലുക്ക്: മേക്കപ്പ് ഉപയോഗിക്കാതെ തന്നെ മുഖത്തിന് നല്ലൊരു ഷേപ്പ് ലഭിക്കുമെന്നത് ഇൻസ്റ്റഗ്രാം റീൽസുകളിൽ വലിയ തരംഗമാണ്.

ഇതിലെ അപകടങ്ങൾ എന്തൊക്കെ?

സൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന ഈ പരീക്ഷണം ചർമ്മത്തിന് വലിയ ദോഷമാണ് ചെയ്യുന്നത്. സൺസ്‌ക്രീൻ പുരട്ടാത്ത ഭാഗങ്ങളിൽ സൂര്യപ്രകാശമേറ്റ് തൊലി പുറം പാളികൾ നശിക്കാനും വേദനയുണ്ടാകാനും സാധ്യതയുണ്ട്. സൂര്യപ്രകാശത്തിലെ യു.വി രശ്മികൾ ചർമ്മത്തിൽ ചുളിവുകൾ വീഴാനും പ്രായം തോന്നിക്കാനും കാരണമാകും. കൂടാതെ, സൺസ്‌ക്രീൻ ഉപയോഗിക്കാതെ വെയിൽ ഏൽക്കുന്നത് സ്കിൻ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ചർമ്മത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത്, അല്ലാതെ അത് ഒരു മേക്കപ്പ് ടൂൾ ആയി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്. മുഖത്തെ എല്ലാ ഭാഗത്തും തുല്യമായ അളവിൽ സൺസ്‌ക്രീൻ പുരട്ടേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് എസ്.പി.എഫ് 30 എങ്കിലും ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഓരോ ട്രെൻഡുകളും കണ്ണടച്ച് അനുകരിക്കുന്നത് നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. മേക്കപ്പിലൂടെ ചെയ്യാവുന്ന കാര്യങ്ങൾക്കായി ചർമ്മത്തെ അപകടത്തിലാക്കുന്നത് ബുദ്ധിയല്ല. ആരോഗ്യകരമായ തിളക്കമാണ് യഥാർത്ഥ സൗന്ദര്യം.