ഓരോ പുതുവര്‍ഷം വരുമ്പോഴും, ജീവിതത്തിലും ശീലങ്ങളിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കും? എത്രകാലം പുതിയ തീരുമാനങ്ങള്‍ കൊണ്ടുപോകും? പലര്‍ക്കും ഇത് ഫലപ്രദമായി പാലിക്കാനാകില്ല എന്നതാണ് വാസ്‌തവം. 2017ലും മിക്കവരും പുതുവര്‍ഷ പ്രതിജ്ഞ എടുത്തു. എന്നാല്‍ ഇതില്‍ 82 ശതമാനം പുതുവര്‍ഷ പ്രതിജ്ഞകളും ഒരാഴ്‌ചയ്‌ക്കുള്ളില്‍ തെറ്റിയതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രമുഖ ഹെല്‍ത്ത്-ഫിറ്റ്നസ് മൊബൈല്‍ ആപ്പായ ഹെല്‍ത്തിഫൈമീ നടത്തിയ പഠനത്തിലാണ് 82 ശതമാനം പുതുവര്‍ഷ പ്രതിജ്ഞകളും തെറ്റിയതായി കണ്ടെത്തിയത്. സാധാരണഗതിയില്‍ എട്ടു ശതമാനം പുതുവര്‍ഷ പ്രതിജ്ഞകള്‍ മാത്രമാണ് എക്കാലവും നിലനില്‍ക്കാറുള്ളതെന്നാണ് ഹെല്‍ത്തിഫൈമീ നടത്തിയ പഠനത്തില്‍ വ്യക്തമായത്. മദ്യപാനം, ഭക്ഷണശീലം എന്നിവ സംബന്ധിച്ചെടുക്കുന്ന പുതുവര്‍ഷ പ്രതിജ്ഞകള്‍ വൈകാതെ തന്നെ മിക്കവരും ലംഘിക്കുമെന്നും പഠനത്തില്‍ വ്യക്തമായി. വളരെ ചെറുപ്പത്തിലേ നമ്മുടെ ഇഷ്ടങ്ങളായി മാറുന്ന പലതും അത്ര പെട്ടെന്ന് ഉപേക്ഷിക്കാനാകാത്തതാണ് പുതുവര്‍ഷ പ്രതിജ്ഞ തെറ്റാനുള്ള പ്രധാന കാരണമായി പറയുന്നത്. മദ്യത്തോട് ചെറുതായെങ്കിലും ആസക്തിയുള്ളവര്‍, മദ്യപിക്കേണ്ടെന്ന് തീരുമാനിച്ചാലും അത് പാലിക്കാന്‍ സാധിക്കില്ല. അതേസമയം വ്യായാമം, ജീവിതശീലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചെടുക്കുന്ന തീരുമാനങ്ങള്‍ ചിലര്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകും. സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ പകുതിയോളം പേര്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുമ്പോള്‍, ബാക്കി 50 ശതമാനം പേര്‍ക്ക് അത് പാലിക്കാന്‍ സാധിക്കില്ലെന്നും പഠനത്തില്‍ വ്യക്തമായി.