പുരുഷന്മാരെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ പതിവായി മുടി കഴുകുന്നത്‌ മുടികൊഴിച്ചിൽ തടയാന്‍ സഹായിക്കും

സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെ സംബന്ധിച്ചും ഏറ്റവും വലിയ പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മാറ്റാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോ​ഗിച്ച് പരാജയപ്പെട്ടവരാണ് ഇന്ന് അധികവും. ഭക്ഷണശീലങ്ങള്‍, മരുന്നുകളുടെ ഉപയോഗം, മാനസികപിരിമുറുക്കം, മലിനീകരണം, പാരമ്പര്യം മുതലായ വിവിധ കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്.

പുരുഷന്മാരില്‍ തൊപ്പി, ഹെല്‍മറ്റ്‌ എന്നിവയുടെ ഉപയോഗം കൊണ്ടും മുടി കൊഴിയാറുണ്ട്‌. എന്നാൽ പുരുഷന്മാരില്‍ മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. മുടികൊഴിച്ചിൽ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ. 

1. പതിവായി മുടി കഴുകുന്നത്‌ മുടികൊഴിച്ചിൽ തടയാന്‍ സഹായിക്കും. എപ്പോഴും മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കണം. തലമുടി വൃത്തിയാക്കുന്നതിലൂടെ അണുബാധയും താരനും ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കാനാകും. 

2. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിനുകള്‍ ആവശ്യമാണ്‌. വിറ്റാമിന്‍ എ തലയോട്ടിയിലെ സേബത്തിന്റെ ഉത്‌പാദനം മെച്ചപ്പെടുത്തും. തലയോട്ടിയിലൂടെയുള്ള രക്തചക്രംമണം നല്ല രീതിയില്‍ നടക്കാന്‍ വിറ്റാമിന്‍ ഇ ആവശ്യമാണ്‌. 

3. മുടിയുടെ കറുപ്പ്‌ നിറം നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി ധാരാളം കഴിക്കുക. കൊഴുപ്പ്‌ കുറഞ്ഞ ഇറച്ചി, മീന്‍, സോയ അല്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിന്‌ ആവശ്യമായ മറ്റു പ്രോട്ടീനുകള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്‌ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും. 

4. ദിവസവും എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ നല്ലതാണ്. 

5. നനഞ്ഞിരിക്കുമ്പോള്‍ മുടി ഏറ്റവും ശക്തി കുറഞ്ഞ അവസ്ഥയിലായിരിക്കും. ഈ സമയത്ത്‌ മുടി ചീകുന്നത്‌ മുടി കൊഴിയാന്‍ കാരണമാകും. അതിനാല്‍ നനഞ്ഞ മുടി ചീകുന്നത്‌ ഒഴിവാക്കുക.‌

6. തലയോട്ടിയിൽ സവാള ജ്യൂസോ വെളുത്തുള്ളി ജ്യൂസോ തേച്ച് പിടിപ്പിക്കുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് സവാള ജ്യൂസോ വെളുത്തുള്ളി ജ്യൂസോ നല്ല പോലെ തേച്ചു പിടിപ്പിക്കുക. ശേഷം രാവിലെ ചെറുചൂട് വെള്ളത്തിൽ ഷാംബൂ ഉപയോ​ഗിച്ച് കഴുകി കളയാം.

7. ​ഗ്രീൻ ടീ ഉപയോ​ഗിച്ച് ദിവസവും തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിലിന് നല്ലതാണ്. പത്ത് ദിവസം അടുപ്പിച്ച് ചെയ്യാൻ ശ്രമിക്കുക. 

8. മുടികൊഴിച്ചിൽ കുറയാൻ പ്രധാനമായി ഒഴിവാക്കേണ്ട രണ്ട് കാര്യങ്ങളാണ് മദ്യപാനവും പുകവലിയും. 

9. ക്യത്യമായുള്ള വ്യായാമം മുടി തഴച്ച് വളരാൻ നല്ലതാണ്. ദിവസവും രാവിലെ നടക്കുകയും ഒാടുകയും ചെയ്താൽ മുടികൊഴിച്ചിൽ മാറി കിട്ടും.