വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ആദ്യം ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല, ലോകത്തില്‍ തന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗാവസ്ഥയെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് പോലും വേണ്ടവിധത്തില്‍ അറിവുണ്ടായിരുന്നില്ല
ദില്ലി: ഓരോ പ്രായക്കാര്‍ക്കും ആന്തരീകാവയവങ്ങളുടെ വലിപ്പം ഓരോ അളവിലായിരിക്കും. ഹൃദയത്തിന്റെ വലിപ്പത്തിലും സമാനമായി, കൃത്യമായ അളവുകളുണ്ട്. എന്നാല്‍ പ്രായത്തെ കടത്തിവെട്ടി ഹൃദയം വലുതായാലോ! അതായത് 12 മുതല്‍ 20 എം.എല്‍ വരെ അളവുള്ള ഹൃദയത്തിന്റെ ഒരറയ്ക്ക് 87 എം.എല്‍ അളവായാലോ!
ഈ ദാരുണമായ അവസ്ഥയിലൂടെയാണ് 14 മാസം മാത്രം പ്രായമുള്ള ഒരു പാക്കിസ്ഥാനി കുഞ്ഞ് കടന്നുപോകുന്നത്. നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ലെന്നും നെഞ്ചില്‍ ഇടയ്ക്കിടെ അണുബാധയും, ശ്വാസതടസ്സവും ഉണ്ടാകുന്നുവെന്നും കാണിച്ചാണ് മാതാപിതാക്കള്‍ കുഞ്ഞുമായി ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രിയിലെത്തിയത്.
വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ആദ്യം ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല, ലോകത്തില്‍ തന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കേസാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗാവസ്ഥയെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് പോലും വേണ്ടവിധത്തില്‍ അറിവുണ്ടായിരുന്നില്ല.
ഹൃദയത്തില്‍ രക്തം തിരിച്ചെത്തുന്ന ഇടതുഭാഗത്തെ മുകളിലെ 'ഏട്രിയം' എന്ന അറ സാമാന്യത്തിലധികം വലുതാകുന്നതായിരുന്നു കുഞ്ഞിന്റെ അസുഖം. സാധാരണഗതിയില്‍ ഒരു പതിനാല് മാസം പ്രായമായ കുഞ്ഞിന്റെ ഏട്രിയത്തെക്കാള്‍ നാല് മടങ്ങ് വലിപ്പമുണ്ടായിരുന്നു അതിന്. അസാമാന്യമായി വലിപ്പമുണ്ടാകുന്നതോടെ ഇത് തൊട്ടടുത്തുള്ള ഭാഗങ്ങളെയെല്ലാം ഞെരുക്കാന്‍ തുടങ്ങി. ഇതോടെയാണ് പല ആരോഗ്യപ്രശ്‌നങ്ങളും കുഞ്ഞ് നേരിട്ടത്.
അടിയന്തരമായ ശസ്ത്രക്രിയ നടത്താന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനിടെ കണ്ടെത്തിയ ഹൃദയത്തിന്റെ താഴത്തെ രണ്ട് അറകള്‍ക്കിടയിലെ വലിയ ദ്വാരവും ഇടതുവാള്‍വിലെ ചോര്‍ച്ചയുമെല്ലാം ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എങ്കിലും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ അവര്‍ പൂര്‍ത്തിയാക്കി.
കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളെ കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ തയ്യാറല്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം കുഞ്ഞുങ്ങളിലേ ഈ അവസ്ഥ കണ്ടുവരാറുള്ളതെന്നും എന്നാല്‍ മരണത്തിന് വരെ കാരണമാകുന്ന മാരകമായ അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
