ദുബായ്: ബാര്‍ബി ഡോളും ഖുറാനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഇല്ലെന്നായിരിക്കുകം ഭൂരിഭാഗത്തിന്‍റെയും ഉത്തരം. എന്നാല്‍ ഫ്രാന്‍സിലെ സമൈറ പറയും ഇവ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന്. ഖുറാന്‍ വചനങ്ങള്‍ തന്‍റെ രണ്ടു വയസ്സുകാരിയായ മകള്‍ മനഃപാഠമാക്കാനായി സമൈറ ചെയ്തത് ഒരു നല്ല ബാര്‍ബി ഡോളിനെ ഉണ്ടാക്കുകയാണ്. ഖുറാനിലെ നാല് ആധ്യായം ഈ ബാര്‍ബി ഡോള്‍ ചൊല്ലും. രണ്ടു വയസുകാരിയായ മകള്‍ ജെന്നയ്ക്ക് അങ്ങനെ എളുപ്പത്തില്‍ ഖുറാന്‍ പഠിക്കാന്‍ സാധിക്കും.

ഫ്രാന്‍സിലെ ബിസ്സിനസ്സ് കാരിയാണ് സമൈറ. മകളുടെ പേരായ ജെന്ന എന്ന അറബിക്ക് വാക്കിന്‍റെ അര്‍ത്ഥം സ്വര്‍ഗം എന്നാണ്. തന്‍റെ മകളുടെ പേര് തന്നെയാണ് ബാര്‍ബി ഡോളിനും സമൈറ നല്‍കിയിരിക്കുന്നത്. നീളമുള്ള ഗൗണാണ് സമൈറ ബാര്‍ബിക്ക് നല്‍കിയിരിക്കുന്നത് കൂടെ പര്‍പ്പിള്‍ നിറത്തിലുള്ള ഒരു സ്കാര്‍ഫും. 

ഓണ്‍ലൈന്‍ മോഡലിങ്ങ് സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് സമൈറ ബാര്‍ബി ഡോളിനെ നിര്‍മ്മിച്ചിരിക്കുന്നത്. ബാര്‍ബി ഡോളുമായി കളിക്കാന്‍ തുടങ്ങി കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ മകള്‍ ഖുറാനിലെ പല വാക്യങ്ങളും കാണാതെ ചൊല്ലാന്‍ തുടങ്ങിയെന്നാണ് ഇവര്‍ പറയുന്നത്. പാവകളെ വിപണനാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയാണ് സമൈറ ഇപ്പോള്‍. ഇതിനായി ഫ്രാന്‍സില്‍ നിന്ന് യു എ ഇ യിലേക്ക് താമസം മാറ്റുകയും ചെയ്തു.