വടക്കന്‍ ലണ്ടന്‍ സ്വദേശിനി എമിലി വാക്കറ്റ് എന്ന ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ കഥയാണിത്. എമിലി ജോലിക്ക് പോകാനായി വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ശക്തമായ വയറുവേദന അനുഭവപ്പെട്ടു. വേദനകൊണ്ടു പുളഞ്ഞപ്പോള്‍, അവിടെയുണ്ടായിരുന്നവര്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സില്‍ കയറ്റിയ ഉടന്‍ എമിലി ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോള്‍ തന്റെ തൊട്ടടുത്ത് ഒരു ആണ്‍കുഞ്ഞ് കിടന്നു കാലിട്ടടിച്ച് കരയുന്നതാണ് എമിലി കണ്ടത്. അപ്പോഴാണ് താന്‍ ഗര്‍ഭിണിയായിരുന്ന വിവരം എമിലി അറിയുന്നതുപോലും. ഉടന്‍ തന്നെ എമിലി ഇക്കാര്യം കാമുകന്‍ മാത്യു ചാള്‍സിനെ വിളിച്ച് അറിയിച്ചു. താന്‍ ഒരു അച്ഛനായ വിവരം അറിഞ്ഞ് മാത്യൂ ഞെട്ടിപ്പോയി.

അച്ഛനമ്മമാര്‍ക്കൊപ്പം കഴിയുകയായിരുന്ന എമിലിക്ക് കുറച്ചുനാളായി വയറുവേദനയും ഗര്‍ഭ സംബന്ധമായ അസ്വസ്ഥതകളുമുണ്ടായിരുന്നു. തുടക്കത്തില്‍ സംശയം കാരണം പ്രഗ്നന്‍സി കിറ്റ് ഉപയോഗിച്ച് വീട്ടില്‍വെച്ച് പരിശോധിച്ചപ്പോള്‍ ഗര്‍ഭം ഇല്ലെന്ന ഫലമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ അതു കാര്യമാക്കിയതുമില്ല. ഇടയ്‌ക്ക് ഛര്‍ദ്ദി അധികമായപ്പോള്‍, ഒരു ഡോക്‌ടറെ കാണിച്ചെങ്കിലും ചില ഗുളികകള്‍ നല്‍കി മടക്കി അയയ്‌ക്കുകയായിരുന്നു. സാധാരണ ഗര്‍ഭണികളിയാ സ്ത്രീകളെപ്പോലെ എമിലിയുടെ വയര്‍ അധികം വലുതായതുമില്ല. ഇതൊക്കെ കാരണം താന്‍ ഗര്‍ഭിണിയാണെന്ന് ഒരിക്കല്‍പ്പോലും തിരിച്ചറിയാനായില്ലെന്നാണ് എമിലി പറയുന്നത്. കുറച്ചുകാലമായി എമിലി മിഡില്‍സെക്‌സ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ മാത്യൂവുമായി പ്രണയത്തിലായിരുന്നു. ഏതായാലും എമിലിയുടെയും മാത്യൂവിന്റെയും വിവാഹം ഉടന്‍ നടത്താനുള്ള തീരുമാനത്തിലാണ് ഇരുവരുടെയും വീട്ടുകാര്‍.