ടി.ടി എന്ന കുത്തിവെപ്പ് ടെറ്റനസ് എന്ന രോഗം വരാതെയിരിക്കുവാന്‍ എടുക്കുന്ന കുത്തിവെപ്പാണ്.

എന്താണ് ടെറ്റനസ്

നമ്മുടെ ശരീരത്തില്‍ ക്ലോസ്ട്രിഡിയം ടെറ്റനി എന്ന രോഗാണു കടന്നുകൂടുമ്പോളാണ് ടെറ്റനസ് എന്ന രോഗം ഉണ്ടാവുന്നത്. മുറിവില്‍ ചെളിപുരലുമ്പോളോ, വൃത്തിഹീനമായ അവസ്ഥയിലോ രോഗാണു മുറിവില്‍ കൂടെ നമ്മുടെ ശരീരത്തില്‍ കടന്നു കൂടുകയും അത് വഴി നമുക്ക് ടെറ്റനസ് എന്ന രോഗം വരുകയും ചെയ്യുന്നു. ശരീരത്തിലെ മാംസപേശികള്‍ വലിഞ്ഞു മുറുകി ചലിക്കുവാന്‍ പറ്റാത്ത അവസ്ഥ വരുകയും ചെയ്യുന്നു. ആദ്യം മുഖത്തിലെ മാംസപേശികളില്‍ ആണ് പൊതുവെ വലിഞ്ഞുമുറുകി രോഗലക്ഷങ്ങള്‍ കാണിക്കുക. അങ്ങനെ ഉണ്ടാകുന്ന അവസ്ഥക്ക് 'lockjaw'എന്ന് പറയുന്നു.

ടി.ടി കുത്തിവെപ്പ്

കുട്ടികള്‍ക്ക് എടുക്കുന്ന പ്രതിരോധ കുത്തിവെപ്പില്‍ ഒന്നരമാസം, രണ്ടര മാസം, മൂന്നര മാസത്തില്‍ എടുക്കുന്ന പെന്റാ വാക്‌സിന്‍ എന്ന കുത്തിവെപ്പില്‍ ടി.ടി കുത്തിവെപ്പ് അടങ്ങിയിട്ടുണ്ട്. അതിനു ശേഷം ഒന്നരവയസ്സില്‍ ഉള്ള ഡി.പി.ടി കുത്തിവെപ്പില്‍ ടി.ടി കുത്തിവെപ്പ് അടങ്ങിയിട്ടുണ്ട്. അഞ്ചാം വായസ്സിലുള്ള കുത്തിവെപ്പായ ഡി.പി.ടി ബൂസ്റ്റര്‍ എടുക്കുന്നതിലും ടി.ടി അടങ്ങിയിരിക്കുന്നു. അതിനു ശേഷം പത്താം വയസ്സിലും, പതിനഞ്ചാം വയസ്സിലും ടി.ടി എടുക്കുന്നു. അങ്ങനെ പൂര്‍ണമായി കുത്തിവെപ്പുകള്‍ എടുത്ത വ്യക്തിയാണെങ്കില്‍ പിന്നീട് മുറിവുകള്‍ ഉണ്ടാകുമ്പോള്‍ വൃത്തിയുള്ള മുറിവുകള്‍ ആണെങ്കില്‍ 10 വര്‍ഷത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ ആഴത്തിലുള്ള വൃത്തിഹീനമായ മുറിവുകള്‍ ആണെങ്കില്‍ അഞ്ചു വര്‍ഷം കൂടുമ്പോഴോ കുത്തിവെപ്പ് എടുക്കുക. തീരെ വൃത്തിഹീനമായ ആഴത്തില്‍ ഉള്ള മുറിവുമാണ് ആ വ്യക്തിയുടെ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കില്‍ ചിലപ്പോള്‍ ടി.ടി ഇമ്മ്യൂണോഗ്ലോബുലിനും എടുക്കേണ്ടി വരും.

ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത വ്യക്തി ആണെങ്കില്‍:

മുറിവുണ്ടാകുമ്പോള്‍ ഒരു ടി.ടി കുത്തിവെപ്പെടുക്കുക, രണ്ടു മാസത്തിനു ശേഷം വീണ്ടുമൊരു ടി.ടി കുത്തിവെപ്പ് എടുക്കുക,ഒരു വര്‍ഷത്തിനു ശേഷം ഒരു ടി.ടി കുത്തിവെപ്പ് കൂടെ എടുക്കുക. അതിനു ശേഷം മുറിവുണ്ടാകുമ്പോള്‍ 5 വര്‍ഷം കൂടുമ്പോള്‍ കുത്തിവെപ്പ് എടുത്താല്‍ മതിയാകും.

ടി.ടിയും ഗര്‍ഭിണിയും

ഗര്‍ഭാവസ്ഥയില്‍ ഒരു മാസം ഇടവേളയില്‍ രണ്ടു ടി.ടി കുത്തിവെപ്പുകള്‍ എടുക്കുക. നവജാത ശിശുവിന് ഉണ്ടാകുന്ന നിയോനേറ്റല്‍ ടെറ്റനസ് എന്ന രോഗം വരാതെയിരിക്കുവാന്‍ ആണ് ഗര്‍ഭിണികള്‍ ഈ കുത്തിവെപ്പ് എടുക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയോനെറ്റല്‍ ടെറ്റനസ് വന്നു 1.5 ലക്ഷങ്ങളോളം കുട്ടികള്‍ മരിച്ചിരുന്നു. അതുപോലെ 30000 അമ്മമാര്‍ ടെറ്റനസ് വന്നു മരണപ്പെട്ടിരുന്നു. പക്ഷെ കൃത്യമായ ടി.ടി. കുത്തിവെപ്പുകളിലൂടെ 2016ല്‍ നിയോനെറ്റല്‍ ടെറ്റനസ് ആയിരത്തില്‍ ഒരു കുട്ടിയില്‍ താഴെ എന്ന അനുപാതത്തില്‍ വരികയും ഇന്ത്യയില്‍ നിന്നും നിവാരണം ചെയ്യുവാന്‍ സാധിക്കുകയും ചെയ്തു. അതോടൊപ്പം മറ്റേര്‍ണല്‍ ടെറ്റനസ്സും നിവാരണം ചെയ്യുവാന്‍ സാധിച്ചു. പക്ഷെ തുടര്‍ന്നും ടി.ടി കുത്തിവെപ്പ് എടുക്കുക. എന്നാല്‍ മാത്രമേ പൂര്‍ണ്ണമായും ടെറ്റനസ് എന്ന രോഗം ഉന്മൂലനം ചെയ്യുവാന്‍ സാധിക്കുക ഉള്ളു.

കടപ്പാട്- ഡോ. ഷിനു ശ്യാമളന്‍