പതിനാല് വയസോടെ മക്കളെ മദ്യപിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്ക് ഇതാ മുന്നറിയിപ്പ്. അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമാണ് അപായ സൂചന നൽകുന്നത്. കുട്ടികളുടെ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇൗ അനുമതി വഴിവെക്കുമെന്നാണ് പഠനം പറയുന്നത്. ആറിൽ ഒന്ന് രക്ഷിതാക്കളും ഇത്തരത്തിൽ അനുമതി നൽകുന്നവരാണ്.

സർവകലാശാലയിലെ യു.സി.എൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജ്യുക്കേഷനിലെ സെന്‍റര്‍ ഫോർ ലോങ്റ്റ്യൂഡിനൽ സ്റ്റഡീസിലെ ഗവേഷകർ ആണ് പഠനം നടത്തിയത്. പല രക്ഷിതാക്കളും ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഉത്തരവാദിത്വത്തോടെ മദ്യപിക്കാൻ പഠിപ്പിക്കുന്നവരാണെന്ന് പഠനത്തിൽ പറയുന്നു. കൗമാരക്കാരിലെ മദ്യപാനം ഭാവിയിൽ അവരെ അപകടരമായ മദ്യപാനത്തിലേക്ക് നയിക്കും. ചെറുപ്പത്തിൽ മദ്യപിക്കാൻ പഠിച്ച കുട്ടികൾ സ്കൂളുകളിൽ പരാജയപ്പെടുകയും പെരുമാറ്റ പ്രശ്നങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ബ്രിട്ടനിലെ പതിനായിരം കുട്ടികളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഉയർന്ന വിദ്യാഭ്യാസമുള്ള വെള്ളക്കാരിൽ കൂടുതൽ പേരും മക്കളെ 14 വയസോടെ മദ്യപിക്കാൻ അനുവദിക്കുന്നവരാണ്. അനുമതി നൽകുന്നത് അവരെ ഉത്തരവാദിത്വമുള്ള മദ്യപാനികളാക്കി മാറ്റുമെന്നാണ് സാമൂഹികമായി മുന്നാക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ കരുതുന്നത്. അപകടകരമായ മദ്യപാനത്തിന്റെ ദോഷങ്ങൾ അവരെ ബോധ്യപ്പെടുത്താനും ഇതുവഴി കഴിയുമെന്നും അവർ കരുതുന്നു.

എന്നാൽ ദീർഘകാല സാമൂഹിക പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണങ്ങളും ഇത് ശരിവെക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെ ഇതുവരുത്തിവെക്കുന്നു.
കുട്ടികളെ ഒരു കാരണവശാലും 15 വയസിന് മുമ്പ് മദ്യപിക്കാന അനുവദിക്കരുതെന്ന ചീഫ് മെഡിക്കൽ ഒാഫീസറുടെ ഉപദേശത്തെ പഠനത്തിൽ പ്രത്യേകമായി എടുത്തുകാണിച്ചിട്ടുണ്ട്. മസ്തിഷ്കവും ശരീരവും പൂർണവളർച്ചയെത്താത്ത കാലയളവിലെ മദ്യപാനം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യുട്ടീവ് കാതെറിൻ ബ്രൌൺ പറഞ്ഞു.
