യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍(യുടിഐ) അഥവാ മൂത്രനാളിയിലെ അണുബാധ പുരുഷന്മാരെക്കാളും അധികം ഉണ്ടാകുന്നത് സ്ത്രീകളിലാണ്. എന്നാല്‍ ഇത് എങ്ങനെ വരാതിരിക്കാമെന്നും, ഒഴിവാക്കാമെന്നും സ്ത്രീകള്‍ പൊതുവെ ചിന്തിക്കാറില്ല. മഴക്കാലം എന്നത് രോഗങ്ങളുടെ ഒരു സീസണാണ്. ഈ സമയത്ത് തന്നെയാണ് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനുകളും സാധാരണ കണ്ടുവരുന്നത്. ഇറുകിയ ജീന്‍സ്, അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് യുടിഐ രോഗം വരാമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഹെല്‍ത്ത് കോളം പറയുന്നത്.
സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ കുറഞ്ഞത് അഞ്ച് തവണയെങ്കിലും യുടിഐ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ പറഞ്ഞ് കൊടുക്കാത്തതും രോഗം ഉണ്ടാകുന്നതിന് കാരണമാകുന്നു. ശരീരം വൃത്തിയില്ലാതെ ഇരിക്കുന്നതും, മഴക്കാലത്ത് വൃത്തിയില്ലാത്ത സ്വിമ്മിംഗ് പൂളിന്‍റെ ഉപയോഗവും അണുബാധ ഉണ്ടാക്കുന്നതായി യുറോളജിസ്റ്റ് ജസ്വന്ത് പാട്ടീല്‍ പറയുന്നു.
മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നതിന് വസ്ത്രധാരണത്തിന് പ്രധാന പങ്കുണ്ടെന്ന് ഗൈനക്കോളജിസ്റ്റ് രജ്ഞന ദാസ് പറയുന്നു. ഇറുകിയ വസ്ത്രങ്ങള്‍ അണുബാധ ഉണ്ടാകുന്നതിന് കാരണമാകുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വൃത്തിയില്ലാത്ത ശുചിമുറി ഉപയോഗിക്കുന്നതും മറ്റൊരു കാരണമാണ്. സ്ത്രീകളിലെ ആര്‍ത്തവ പ്രശ്‌നങ്ങളും അണുബാധയ്ക്ക് കാരണമാകാറുള്ളതായി ഡോക്ടര്‍ വിലയിരുത്തുന്നു. നൈലോണ്‍ വസ്ത്രങ്ങളും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നത് നല്ലതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
