ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ന്യൂ ഹനോവര്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ അത്യപൂര്‍വ്വ ആരോഗ്യപ്രതിഭാസവുമായി പെണ്‍കുഞ്ഞ് ജനിച്ചത്. എലിയറ്റ് എന്ന് പേരിട്ട പെണ്‍കുട്ടി ജനിക്കുമ്പോള്‍, വയറിന്റെ ഉള്‍വശം, കുടല്‍, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍ എന്നിവ ശരീരത്തിന് പുറത്തായിരുന്നു. ജനിച്ചയുടന്‍ നടത്തിയ ശസ്‌ത്രക്രിയയിലൂടെ പുറത്തായിപ്പോയ അവയവങ്ങളെല്ലാം കുട്ടിയുടെ ശരീരത്തിനുള്ളിലാക്കുകയായിരുന്നു. അതിനുശേഷം മാസങ്ങളോളം നീണ്ട ആശുപത്രിവാസനത്തിനൊടുവിലാണ് എലിയറ്റിനെ ഡിസ്‌ചാര്‍ജ്ജ് ചെയ്‌തത്. വൈദ്യശാസ്‌ത്രത്തില്‍ വളരെ അത്യപൂര്‍വ്വമായി കണ്ടുവരുന്ന ഗാസ്ട്രോസ്‌കൈസിസ് എന്ന പ്രതിഭാസം കാരണമാണ് എലിയറ്റിന്റെ ആന്തരികായവയവങ്ങള്‍ പുറത്തായത്. എലിയറ്റിനെ അമ്മ പ്രസവിച്ചത് 42 മണിക്കൂറോളം നീണ്ട അതിസങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെ ആയിരുന്നു. അതിനുശേഷം മണിക്കൂറുകള്‍ക്കകമാണ് കുട്ടിയെ അതിസങ്കീര്‍ണമായ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. പിന്നീട് ദിവസങ്ങളോളം വെന്റിലേറ്ററിലും നിയോ ഐസിയുവിലും ആയിരുന്നു കുട്ടി. ദിവസങ്ങളോളം വിദഗ്ദ്ധ ഡോക്‌ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ചികില്‍സയാണ് എലിയറ്റിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇനി സാധാരണപോലെ ജീവിക്കാന്‍ എലിയറ്റിന് സാധിക്കുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.