കാപ്പിയാണ് കുടിക്കുന്നതെങ്കില്‍ ഇതിലടങ്ങിയിരിക്കുന്ന കഫീന്‍ നമുക്കറിയാവുന്നത് പോലെ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ വെറുംവയറ്റില്‍ കഫീന്‍ ചെല്ലുന്നത് മറ്റൊരു രീതിയിലാണ് ഫലമുണ്ടാക്കുക. ചെറിയ ക്ഷീണം, തലകറക്കം, തലവേദന ഇതെല്ലാം വരാന്‍ കാരണമായേക്കും

രാവിലെ ഉറക്കമുണരുന്നതോടെ ഒരു കപ്പ് ചായയോ കാപ്പിയോ മിക്കവര്‍ക്കും നിര്‍ബന്ധമാണ്. പല്ല് പോലും തേക്കും മുമ്പെ അത് കിട്ടിയില്ലെങ്കില്‍ പലര്‍ക്കും ആ ദിവസം തന്നെ പോക്കാണ്. എന്നാല്‍ ഈ ശീലത്തിന് ചില ദോഷവശങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്തെല്ലാമാണ് സാധാരണഗതിയില്‍ ബെഡ് കോഫിയുണ്ടാക്കുന്ന വിഷമതകളെന്ന് നോക്കാം.

ഒന്ന്...

രാവിലെ വെറുംവയറ്റില്‍ കാപ്പിയോ ചായയോ അകത്താക്കുമ്പോള്‍ അത് ആദ്യം ബാധിക്കുന്നത് ദഹനപ്രവര്‍ത്തനത്തെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചായ കുടിക്കുമ്പോള്‍ വയറ്റിനകത്തെ ആസിഡ്- ആല്‍ക്കലി പദാര്‍ത്ഥങ്ങളുടെ തുലനത തെറ്റുന്നതോടെയാണ് ദഹനപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നത്. ഇത് അല്‍പനേരത്തിനുള്ളില്‍ ക്ഷീണം, വയറ്റില്‍ അസ്വസ്ഥത എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. 

രണ്ട്...

രാവിലത്തെ ചായ ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നീണ്ട മണിക്കൂറുകള്‍ വെള്ളം ചെല്ലാതെ ശരീരം അല്‍പം വരണ്ടിരിക്കുന്ന അവസ്ഥയായിരിക്കും രാവിലെയുണ്ടാവുക. ഇതിന് മുകളില്‍ ചായയോ കാപ്പിയോ ചെല്ലുമ്പോള്‍ നിര്‍ജലീകരണം ഇരട്ടിയാകാനേ ഉപകരിക്കൂ. 

മൂന്ന്...

വായയുടെ ആരോഗ്യത്തിനും രാവിലെ ഉണര്‍ന്നയുടനുള്ള ചായ/കാപ്പികുടി നന്നല്ലത്രേ. ചായയിലെ മധുരം വായ്ക്കകത്തെ ആസിഡിന്റെ അളവ് കൂട്ടുകയും ഇത് പതിയെ പല്ലിന്റെ ഇനാമലിനെ കേടാക്കുകയും ചെയ്യുന്നു. പല്ലിന് മങ്ങലോ, മഞ്ഞ നിറമോ വരാന്‍ ഇത് കാരണമാകുന്നു. 

നാല്...

കാപ്പിയാണ് കുടിക്കുന്നതെങ്കില്‍ ഇതിലടങ്ങിയിരിക്കുന്ന കഫീന്‍ നമുക്കറിയാവുന്നത് പോലെ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ വെറുംവയറ്റില്‍ കഫീന്‍ ചെല്ലുന്നത് മറ്റൊരു രീതിയിലാണ് ഫലമുണ്ടാക്കുക. ചെറിയ ക്ഷീണം, തലകറക്കം, തലവേദന ഇതെല്ലാം വരാന്‍ കാരണമായേക്കും. 

അഞ്ച്...

മിക്കവരും, ചായയാണെങ്കിലും കാപ്പിയാണെങ്കിലും പാലുപയോഗിച്ചാണ് ഉണ്ടാക്കുക. പാല്‍ ദഹനപ്രവര്‍ത്തനത്തിന് നേരിയ വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ്. ഇത് ഉണര്‍ന്നയുടന്‍ മറ്റൊന്നും കഴിക്കും മുമ്പേ കഴിക്കുന്നത് അമിതമായ ഗ്യാസിനും മലബന്ധത്തിനുമെല്ലാം ഇടയാക്കിയേക്കും. 

ചായ എപ്പോള്‍ കുടിക്കാം?

രാവിലത്തെ ബെഡ്‌കോഫി അപകടമെങ്കില്‍ പിന്നെയെപ്പോഴാണ് ചായ കുടിക്കാനാവുകയെന്നല്ലേ? രാവിലെ എഴുന്നേറ്റ ശേഷം ആദ്യം ചെയ്യേണ്ടത് കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുകയാണ്. പിന്നീട് പ്രഭാത ഭക്ഷണം കഴിഞ്ഞ് അല്‍പനേരം കൂടി കാത്തിരുന്ന ശേഷം മാത്രമേ ചായയോ കാപ്പിയോ കുടിക്കാവൂയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അപ്പോള്‍ മാത്രമേ ഉള്ളിലെ അവയവങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങൂവത്രേ, അതിനാല്‍ ചായയോ കാപ്പിയോ മറിച്ചൊരു ഫലവും ഉണ്ടാക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.