അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ എന്നിവ ഉൾപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഹൃദ്രോഗം, ആർത്രൈറ്റിസ് തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

അത്തിപ്പഴത്തിന്റെ ഗുണങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ കൂടുതലാണ്. പല രോഗങ്ങൾക്കുമുള്ള മികച്ചൊരു പ്രതിവിധിയാണ് അത്തിപ്പഴം. രുചികരമാകുന്നതിനു പുറമേ ധാരാളം ഭക്ഷണ നാരുകളും ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അവ വെള്ളത്തിൽ കുതിർത്തോ അല്ലാതെയോ കഴിക്കാം. പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങൾക്ക് പകരം കഴിക്കാവുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അത്തിപ്പഴം സൂപ്പർ ഫുഡായി കണക്കാക്കുന്നു. ഉണങ്ങിയ ഒരു അത്തിപ്പഴത്തിന് 5 ഗ്രാം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കുന്നു. അതേസമയം പ്രീബയോട്ടിക് പ്രവർത്തനങ്ങളിലൂടെ കുടലിന്റെ ആരോഗ്യത്തെയും ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകൾക്കും സഹായകമാണ്. ഇത് ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ നാരുകൾ വൻകുടലിന്റെ ആരോഗ്യം നിലനിർത്തുന്നു. മന്ദഗതിയിലുള്ള മലവിസർജ്ജനം ഉണ്ടാകുമ്പോൾ ഭക്ഷണത്തിൽ അത്തിപ്പഴം ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.

രണ്ട്

അത്തിപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ ഉയരുന്നത് തടയുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികളിൽ അത്തിപ്പഴം ഫാസ്റ്റിങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും ഇൻസുലിൻ ആവശ്യകത കുറയുന്നതിനും സഹായിക്കും. ഭക്ഷണത്തോടൊപ്പം 2-3 അത്തിപ്പഴം കഴിക്കുന്നത് ഊർജ്ജ നില നിലനിർത്താൻ സഹായിക്കും.

മൂന്ന്

അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, വിറ്റാമിൻ ഇ എന്നിവ ഉൾപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഹൃദ്രോഗം, ആർത്രൈറ്റിസ് തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

നാല്

അത്തിപ്പഴത്തിൽ പോഷകങ്ങളായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. നാല് ഉണങ്ങിയ അത്തിപ്പഴത്തിൽ കാൽസ്യത്തിന്റെ അളവ് 60 മില്ലിഗ്രാം ആണ്. ഇത് അസ്ഥികളെ ഒടിവുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

അഞ്ച്

അത്തിപ്പഴത്തിലെ നാരുകളുടെയും പൊട്ടാസ്യത്തിന്റെയും ആന്റിഓക്‌സിഡന്റുകളുടെയും സംയോജനം മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ധമനിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അത്തിപ്പഴം കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.