കൊച്ചി നഗരത്തിന്‍റെ മുക്കിലും മൂലയിലും എണ്ണപ്പലഹാരത്തിന്റെ അനവധി വില്‍പ്പന കേന്ദ്രങ്ങള്‍ കാണാം. ബേക്കറിത്തട്ടുകളിലുമുണ്ട്  ആളെ നോക്കി ചിരിക്കുന്ന   പൊരിച്ച പലഹാരങ്ങള്‍. നഗരത്തിലെങ്ങും പലഹാരിമുണ്ടാക്കിവില്‍ക്കുന്ന ഇതര സംസ്ഥാനക്കാരുടെ തന്മനത്തിലുള്ള ചെറുകിട  കേന്ദ്രത്തിലാണ് അന്വേഷണം നടത്തിയത്. പാലാരിവട്ടത്തെ ബേക്കറിയിലേക്ക് പലാഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നത്. തൊഴിലാളികള്‍ സമൂസയുണ്ടാക്കുകയായിരുന്നു. ചൂലുകണ്ടിട്ട് മാസങ്ങളായ കെട്ടിടം. ചെളിപിടിച്ച മേശപ്പുറം. ഇവിടെയാണ് പലഹാരമുണ്ടാക്കിക്കൂട്ടുന്നത്. ഭിത്തിയിലെ ചെളിയില്‍ത്തട്ടി സമൂസ മേശപ്പുറത്തേക്ക് വീഴുന്നു. മുറിയിലെങ്ങും അവശിഷ്‌ടങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇവയ്‌ക്കിടയിലാണ് വറുക്കാന്‍ തയാറാക്കിയ പലഹാരങ്ങളും‍. 

അടുപ്പിലെ എണ്ണയില്‍  തിളയ്‌ക്കുന്ന പത്തിരി. തൊട്ടുപിന്നാലെ ഇതേ എണ്ണയില്‍ സമൂസ. പിന്നെ ബോണ്ടയും നെയ്യപ്പവും പിറകേ പിറകേ . എണ്ണക്കുമാത്രം മാറ്റമില്ല. കറുത്ത് കുഴമ്പുപരുവത്തിലായാലേ മാറ്റൂ. കരിഓയിലിന് സമാനമായ എണ്ണയും പക്ഷേ  വെറുതെ കളയില്ല. അത് സമൂസയുടെ പുറത്ത് തേയ്ക്കും. ഉഴുന്നവടക്കുളള കൂട്ടില്‍ മൈദ ചേര്‍ത്ത് കലക്കുന്നു. ലാഭം വേണമെങ്കില്‍ ഇങ്ങനൊയൊക്കെ വേണമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇത്തരം സാഹചര്യങ്ങളില്‍നിന്നെത്തുന്ന പലഹാരങ്ങളാണ് കടുത്ത രോഗങ്ങളുണ്ടാക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പലവട്ടം ഉപയോഗിച്ച എണ്ണ കൊടും വിഷമാണ്. അവ ക്യാന്‍സറുണ്ടാക്കാന്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പലഹാര നിര്‍മാണ യൂണിറ്റുകളെല്ലാം മോശമെന്നല്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നിരവധി എണ്ണമുണ്ട്. പക്ഷേ മോശം സാഹചര്യത്തിലുള്ളവയെ കെട്ടുകെട്ടിക്കുക തന്നെവേണം.