ജീവിതത്തില്‍ ഒരിക്കലെങ്കിലും കരയാത്തവര്‍ ഉണ്ടാകുമോ? ഇല്ല എന്നുതന്നെ ഉറപ്പിക്കാം. പക്ഷെ കരയാന്‍ ഇഷ്‌ടപ്പെടുന്നവരാകില്ല ഏറെ പേരും. വിഷമം വന്നാലും സന്തോഷം വന്നാലും കരയുന്നവരുണ്ട്. എന്നാല്‍ ഈ കരച്ചില്‍ കൊണ്ട്, ചില ഗുണങ്ങളൊക്കെയുണ്ട് എന്ന് എത്ര പേര്‍ക്ക് അറിയാം? പലപ്പോഴും നമ്മുടെ മനസിലെ വികാരങ്ങളാകും കരച്ചിലായി ഉള്ളില്‍നിന്ന് പുറത്തേക്കു വരുന്നത്. ഇത് മാനസികമായി വലിയ ആശ്വാസമാണ് നല്‍കുന്നത്. ചിലര്‍ എത്ര വിഷമം വന്നാലും കരയാതെ എല്ലാം ഉള്ളിലൊതുക്കി കഴിയും. എന്നാല്‍ ഒട്ടും കരയാതിരിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ട്, ചിരിക്കുന്നതുപോലെ, വികാരവും വിക്ഷോഭവും നിയന്ത്രിക്കാതെ വരുമ്പോള്‍, കരയുന്നത് നല്ലതാണ്. കരയുമ്പോള്‍ വികാര വിക്ഷോഭങ്ങള്‍ ഉയരുമെങ്കിലും പിന്നീട് അത് ശമിക്കും. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായകരമായ കാര്യമാണ്.
ഇനി കരയുന്നതുകൊണ്ട് ഗുണം ലഭിക്കുന്നത് നമ്മുടെ കണ്ണുകള്‍ക്ക് കൂടിയാണ്. കരയുമ്പോള്‍, കൃഷ്‌ണമണിയും കണ്‍പോളകളും കൂടുതല്‍ വൃത്തിയാകും. ഇത് കാഴ്‌ചയ്‌ക്ക് കൂടുതല്‍ വ്യക്തതയേകുകയും ചെയ്യും. കണ്ണുനീരിലുള്ള ലൈസോസൈം എന്ന രാസവസ്‌തു, ബാക്‌ടീരിയകളെയും വൈറസുകളെയും നശിപ്പിക്കും.
ഏതായാലും, ഇനി കരയാന്‍ തോന്നുമ്പോള്‍, അത് അടക്കിവെക്കേണ്ട... നന്നായി കരഞ്ഞോളൂ...!
