ദീപാവലി ദിനത്തില്‍ 13 കാരന്‍ തന്‍റെ സഹോദരിക്ക് സമ്മാനിച്ചത് 62,000 രൂപ വിലയുള്ള സ്കൂട്ടര്‍. ജയ്പൂര്‍ സ്വദേശി യാഷിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു സഹോദരിക്ക് ഒരു സ്കൂട്ടര്‍ സമ്മാനിക്കുക എന്നത്. തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനായി യാഷ് വര്‍ഷങ്ങളെടുത്തു. അതിനായി അവന്‍ ആദ്യം ചെയ്തത് അച്ഛനും അമ്മയും തന്ന പോക്കറ്റ് മണി സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ കൊണ്ട് സൂക്ഷിച്ചുവച്ച നാണയം 62,000 ആയപ്പോള്‍ അവ രണ്ട് ബാഗില്‍ ശേഖരിച്ചാണ് യാഷ് ഹോണ്ടയുടെ ഷോറൂമിലെത്തിയത്.
എന്നാല്‍ ഈ നാണയങ്ങള്‍ വാങ്ങിക്കാന്‍ ആദ്യം ഷോറൂമുകാര്‍ മടിച്ചു. തങ്ങള്‍ വര്‍ഷങ്ങള്‍കൊണ്ട് സൂക്ഷിച്ച് വച്ച പോക്കറ്റ് മണിയാണ് ഇതെന്നും തങ്ങള്‍ക്ക് പോക്ക്റ്റ് മണിയായി കിട്ടിയത് നാണയങ്ങളായിരുന്നു എന്നും കുട്ടികള്‍ ജീവനക്കാരെ പറഞ്ഞ് മനസിലാക്കി. 

ഇതോടെ നാണയം സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായി. എന്നാല്‍ നാണയത്തിലുള്ള 62,000 രൂപ എണ്ണി തീര്‍ക്കാനായി ഷോറൂമിന്‍റെ പ്രവര്‍ത്തന സമയം വരെ ജീവനക്കാര്‍ക്ക് നീട്ടേണ്ടി വന്നു. പല ഇടപാടുകാരും വാഹനം വാങ്ങിച്ച് പണം അടയ്ക്കുമ്പോള്‍ നോട്ടുകളും നാണയങ്ങളും തരാറുണ്ടെങ്കിലും ഇതാദ്യമായാണ് നാണയങ്ങള്‍ മാത്രം കൊണ്ട് വന്ന് ഒരാള്‍ വാഹനം മേടിച്ചിരിക്കുന്നതെന്നാണ് ജയ്പൂരിലെ ഹോണ്ടാ ഷോറൂം ഡീലര്‍ കുമാര്‍ പറയുന്നത്.