ഒന്‍പതാം വയസില്‍ കണ്ടെത്തിയ തലച്ചോറിലെ അര്‍ബുദമുഴമൂലം ശരീരം തളരുകയും കാഴ്ച നഷ്ടമാവുകയും ചെയ്ത പെണ്‍കുട്ടിക്ക് 17-ാം വയസില്‍ അര്‍ബുദ ചികിത്സയിലെ പുത്തന്‍ ഔഷധം തുണയായി. 

വാഷിംഗ്ടണ്‍: ഒന്‍പതാം വയസില്‍ കണ്ടെത്തിയ തലച്ചോറിലെ അര്‍ബുദമുഴമൂലം ശരീരം തളരുകയും കാഴ്ച നഷ്ടമാവുകയും ചെയ്ത പെണ്‍കുട്ടിക്ക് 17-ാം വയസില്‍ അര്‍ബുദ ചികിത്സയിലെ പുത്തന്‍ ഔഷധം തുണയായി. മേരിലന്‍ഡിലെ ബാള്‍ട്ടിമോര്‍ നഗരത്തിലെ കെയ്റ്റ്ലിന്‍ ഡോര്‍മാന്‍ എന്ന 17 കാരിക്കാണ് പരീക്ഷണ ഘട്ടത്തിലുള്ള 'സി-വേഡ്' എന്ന ഔഷധം തുണയായത്.

ഒമ്പത് വയസ്സുളളപ്പോള്‍ 'ബ്രെയിന്‍ ട്യൂമര്‍' കണ്ടെത്തിയ ബാലികയെ പരിശോധിച്ച ഡോക്ടര്‍മാര്‍ 95 ശതമാനം രോഗം ശമനം ഉറപ്പ് നല്‍കി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ കീമോ തറാപ്പിക്ക് വിധേയയായ കെയ്റ്റ്ലിന്‍റെ ഇടത് കൈയും കാലും തളരുകയും ഒരു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വാഷിംഗ്ടണിലെ ജോണ്‍സ് ഹോപ്കിന്‍സ് കിമ്മല്‍ ക്യാന്‍സര്‍ സെന്‍ററിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എറിക് റാബെ പരീക്ഷണഘട്ടത്തിലുളള പുതിയ അര്‍ബുദ മരുന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

'അഫിനേറ്റര്‍' എന്ന ബ്രാന്‍ഡില്‍ സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്. 2016ല്‍ യുഎസ് അംഗീകാരം നല്‍കിയ മരുന്ന് ഉപയോഗിച്ചതോടെ കെയ്റ്റ്ലിന്‍റെ ശരീരത്തിന്‍റെ തളര്‍ച്ച മാറുകയും കാഴ്ച തിരിച്ചു കിട്ടുകയും ചെയ്തു. കെയ്റ്റ്ലിന്‍ ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 47,000 ഡോളറാണ് (ഏതാണ്ട് 40 ലക്ഷം) മരുന്നിന്‍റെ വില.