വിവാഹ ചടങ്ങിനിടെ കുഞ്ഞിന് മുലയൂട്ടുന്ന യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു പക്ഷേ നിങ്ങളും കണ്ടുകാണും ആ ചിത്രം. ബ്രസീലിലെ ക്വിയാബയിലാണ് ഡാനിയലി കാട്‌സു എന്ന 24കാരി വിവാഹ ചടങ്ങിനിടെ മൂന്നു മാസം പ്രായമുള്ള സ്വന്തം മകന് മുലയൂട്ടിയത്. ഈ ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറലാകുകയും ഏറെ ചര്‍ച്ചയാകുകയുമായിരുന്നു. ഏറെക്കാലം ഒരുമിച്ച് ജീവിച്ച കെയ്‌ല്‍ റിയോസിനെയാണ് ഡാനിയലി കാട്‌സു വിവാഹത്തിലൂടെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയത്. ഈ ചടങ്ങുകള്‍ നടക്കവെയാണ് ഇവരുടെ മകന് മുലയൂട്ടിയത്. ഈ ചിത്രം പകര്‍ത്തിയ മോണിക കാര്‍വാലോ, വൈകാതെ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിലൂടെ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നല്‍കാനാണ് താന്‍ ശ്രമിച്ചതെന്ന് ഡാനിയലി കാട്‌സു പറയുന്നു. ചിത്രം സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുമ്പോള്‍, ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന സംശയം തനിക്കുണ്ടായിരുന്നുവെന് ഡാനിയലി കാട്‌സു പറയുന്നു. എന്നാല്‍ ചിത്രം കണ്ടവരൊക്കെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. ഏറെപ്പേര്‍ അഭിനന്ദനം അറിയിച്ചു. എല്ലാവരോടും നന്ദി പറയുന്നതായും ഡാനിയലി കാട്‌സു ഡെയ്‌ലി മെയിലനോട് പറഞ്ഞു.