ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ദില്ലിയിലാണ് വൈറ്റലിറ്റി എയര്‍ ശുദ്ധവായു വില്‍പനയ്‌ക്ക് എത്തിക്കുന്നത്. ഒരു തവണ ശുദ്ധവായു ശ്വസിക്കുന്നതിന് 12.50 രൂപ ഈടാക്കാനാണ് വൈറ്റലിറ്റി എയര്‍ ഈടാക്കുക. ഈ മാസം മുതല്‍ ശുദ്ധവായു വില്‍പന തുടങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കാനഡയിലെ പര്‍വ്വതനിരകളില്‍ നിന്ന് ശേഖരിച്ച ശുദ്ധവായുവാണ് ബോട്ടിലിലാക്കി വില്‍ക്കുന്നത്.

വൈറ്റലിറ്റി എയറിന്റെ ശുദ്ദവായു കഴിഞ്ഞ വര്‍ഷം ചൈനയില്‍ വില്‍പനയ്‌ക്ക് എത്തിച്ചിരുന്നു. ഇത് വന്‍ വിജയം ആയതിനെ തുടര്‍ന്നാണ് ഇന്ത്യയിലും വില്‍പന തുടങ്ങാന്‍ കമ്പനി തീരുമാനിച്ചത്. ഇപ്പോള്‍ ബീജിങ്, ഷാങ്ഹായ് ഉള്‍പ്പടെ ചൈനയിലെ ഏഴു നഗരങ്ങളില്‍ വൈറ്റലിറ്റി എയര്‍ ശുദ്ധവായു ലഭ്യമാണ്. ഓണ്‍ലൈന്‍ മുഖേനയാണ് വൈറ്റലിറ്റി എയര്‍ ശുദ്ധവായു വില്‍ക്കുന്നത്. ഇപ്പോള്‍ പ്രതിദിനം 12000 ബോട്ടില്‍ ശുദ്ധവായുവാണ് ചൈനയില്‍ വില്‍ക്കുന്നത്. മൂന്നു ലിറ്റര്‍, എട്ടു ലിറ്റര്‍ കാനുകളിലായും ശുദ്ധവായു ലഭ്യമാണ്. ഇതിന് 1450 രൂപ മുതല്‍ 2800 രൂപ വരെയാണ് വില.