സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ക്യാന്‍സര്‍ ബാധിക്കാറുണ്ട്. എങ്കിലും ക്യാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നവരില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെന്ന് പഠനങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ ബാധിതരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. എന്നാല്‍ ക്യാന്‍സറിനോട് പൊരുതി ജീവിതത്തിലേയ്ക്ക് തിരികെ എത്തുന്നവരിലും സ്ത്രീകളാണ് മുന്നില്‍.
ക്യാന്‍സര്‍ ബാധിതരായവരുടെ ആയുര്‍ ദൈര്‍ഘ്യം സംബന്ധിച്ച് ചണ്ഡിഗഡ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് നടത്തിയ പഠനങ്ങളില്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നവരില്‍ ഏറിയ പങ്കും പുരുഷന്മാരാണെന്നാണ് കണ്ടെത്തല്‍. 2012 ല്‍ 5.37 ലക്ഷം സ്ത്രീകള്‍ കാന്‍സര്‍ ബാധിതരായപ്പോള്‍ 4.77 ലക്ഷം പുരുഷന്മാര്‍ക്കാണ് കാന്‍സര്‍ ബാധിച്ചത്. എന്നാല്‍ ക്യാന്‍സറിന് കീഴടങ്ങിയ സ്ത്രീകള്‍ 3.26 ലക്ഷം സ്ത്രീകളും 3.56 ലക്ഷം പുരുഷന്മാരുമാണ്.
സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ സാന്നിധ്യമാണ് ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ സ്ത്രീകളെ സജ്ജരാക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ബാധിക്കാതിരിക്കുന്നതിലും ഈസ്ട്രജന്‍ നിര്‍ണായകമാകുന്നുവെന്നാണ് കണ്ടെത്തല്‍.
ആര്‍ത്തവ സംബന്ധിയായ പ്രശ്നങ്ങളും ഗര്‍ഭധാരണം തുടങ്ങിയ പല കാരണങ്ങള്‍ മൂലം പുരുഷനെ അപേക്ഷിച്ച് സ്ത്രീകളാണ് ചികിത്സയ്ക്ക് വിധേയരാവുന്നത്. അതിനാല്‍ തന്നെ ക്യാന്‍സറിന്റെ ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നതും ക്യാന്‍സറിനെ തുടര്‍ന്നുളള സ്ത്രീ മരണങ്ങള്‍ കുറയുന്നതിന് കാരണമാകുന്നതായാണ് നിരീക്ഷണം. മദ്യത്തിന്റേയും പുകവലിയുടേയും ഉപയോഗവും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ വിശദമാക്കുന്നു.
വായയിലും ശ്വാസകോശത്തിലും ഉണ്ടാവുന്ന ക്യാന്‍സര്‍ അല്ലാതെ മറ്റ് ക്യാന്‍സറുകള്‍ ആരംഭഘട്ടങ്ങളില്‍ പുരുഷന്മാരില്‍ തിരിച്ചറിയപ്പെടുന്നില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
