വിജയവാഡ: ലൈംഗിക ഉത്തേജന മരുന്നുകള്‍ ഈ സംസ്ഥാനത്ത് നിന്നും വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ പേരുകള്‍ പുറത്തുവരാം. ആന്ധ്രപ്രേദേശിലാണ് ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമായത്. 

ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ മേഖലയിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറായ അന്നാ സഞ്ജീവിനിയില്‍നിന്നു ലൈംഗിക ഉത്തേജന മരുന്നുകള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തിയത്.

അന്നാ സഞ്ജീവിനിയുടെ  വെബ്‌സൈറ്റിന്‍റെ ഡാഷ്‌ബോര്‍ഡിലാണ് മരുന്നു വാങ്ങിയ ആളുകളുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. സുരക്ഷാ ഗവേഷകന്‍ ശ്രീനിവാസ് കൊടാലി വിവരചോര്‍ച്ച  കണ്ടെത്തിയതോടെ സംഭവം പുറത്തറിയുകയായിരുന്നു. പിന്നാലെ വിവരങ്ങള്‍ വെബ്സൈറ്റില്‍നിന്നു നീക്കി.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.