6,36,000 രൂപയ്ക്ക് ഒരു ഗ്ലാസ് മദ്യം, ചിലപ്പോള്‍ വര്‍ഷങ്ങളായി മദ്യപിക്കുന്ന ഒരാള്‍ക്ക് ചിലവായതല്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്‍റ് മോറീസിലെ വള്‍ഡക്സ് ഹോട്ടലിന്‍റെ ബാറില്‍ നിന്നും ചൈനീസ് സ്വദേശിയാണ് 1878ല്‍ നിര്‍മ്മിച്ച മദ്യം ഒരു പെഗ്ഗ് രുചിക്കാന്‍ ഇത്രയും തുക മുടക്കിയത്. ബാര്‍ ജീവനക്കാരനാണ് ഈ സംഭവം പുറത്ത് പറഞ്ഞത് എന്ന് ഇംഗ്ലീഷ് സൈറ്റായ ഡെയ്ലി മെയില്‍ പറയുന്നു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മദ്യങ്ങളുടെ 2,500 വ്യത്യസ്ത ബ്രാന്‍ഡുകള്‍ സൂക്ഷിക്കുന്നുണ്ട് ഈ ബാര്‍ഹോട്ടലില്‍. ഇത് ഗിന്നസ് റെക്കോര്‍ഡിലും ഉണ്ട്. എന്നാല്‍ ഈ മദ്യക്കുപ്പികള്‍ നിധി പോലെ സൂക്ഷിക്കുന്നു എന്നല്ലാതെ അതിന് ആവശ്യക്കാര്‍ വരികയോ അത് തുറക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകള്‍ ബാറില്‍ എത്തുകയും, അതില്‍ ഒരാള്‍ ഈ കളക്ഷനിലെ ഒരു ബ്രാന്‍ഡഡ് മദ്യം ആവശ്യപ്പെടുകയുമായിരുന്നു. 

1878ലെ ഈ മദ്യത്തിന് വന്‍ തുകയാണ് വിലയെന്ന് ബാറുടമയുടെ മകന്‍ സാന്‍റോ ബേര്‍ണോസ്കോണി പറഞ്ഞെങ്കിലും തനിക്ക് ഇത് വേണമെന്നാണ് ആവശ്യക്കാരന്‍ പറഞ്ഞത്. തന്‍റെ പിതാവ് കഴിഞ്ഞ 20 വര്‍ഷമായി ഈ ഹോട്ടല്‍ നടത്തുന്നുണ്ടെങ്കിലും ആരും 1878ലെ മദ്യം ആവശ്യപ്പെട്ട് വന്നിട്ടില്ലെന്നും മകന്‍ പറയുന്നു. ആദ്യം പരിഭ്രമിച്ചെങ്കിലും ആവശ്യക്കാരന് മദ്യം നല്‍കാന്‍ തന്നെ തീരുമാനിച്ചു.

ഒരു ഗ്ലാസ് മദ്യം നല്‍കിയ ശേഷം ഇത് വളരെ വില കൂടിയതാണെന്നും, വില കണക്കു കൂട്ടി പറയാമെന്നും ആവശ്യക്കാരനോട് പറഞ്ഞു. തുടര്‍ന്ന് 6,36,000രൂപയാണ് ഈ ഒരു ഗ്ലാസ് മദ്യത്തിന്‍റെ വില എന്നു പറഞ്ഞപ്പോള്‍ ആവശ്യക്കാരനായ ചൈനീസ് സ്വദേശി പണവും നല്‍കി മദ്യവും കഴിച്ച് പോവുകയായിരുന്നു.

(ആരോഗ്യപരമായ മുന്നറിയിപ്പ്- മദ്യപാനം ആരോഗ്യത്തിന് ഹാനികരം)